വൈദ്യുതി പ്രതിസന്ധി:കായംകുളം, നല്ലളം താപനിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മറികടക്കാം


കൊച്ചി:കൽക്കരിക്ഷാമം മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കേരളത്തിന് ആശ്രയിക്കാവുന്നത് കായംകുളം, കോഴിക്കോട് നല്ലളം താപനിലയങ്ങളെ. പൂർണതോതിൽ പ്രവർത്തിപ്പിച്ചാൽ രണ്ടു നിലയങ്ങളിൽനിന്നായി 446 മെഗാവാട്ട് വൈദ്യുതി ലഭിക്കും.

നല്ലളം നിലയം ഉടൻ പ്രവർത്തന സജ്ജമാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. അടുത്ത ആഴ്ചയോടെ മൂലമറ്റത്തും മൂഴിയാറിലും അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ജനറേറ്ററുകൾ പ്രവർത്തന സജ്ജമാകും. ഇതോടെ, 190 മെഗാവാട്ട് വൈദ്യുതി ഇപ്പോഴുള്ളതിനെക്കാൾ അധികമായി ലഭിക്കും.

കൽക്കരിക്ഷാമം രൂക്ഷമായതോടെ പവർ എക്സ്‌ചേഞ്ചിൽനിന്നുള്ള വൈദ്യുതിക്ക് വൻ വില നൽകേണ്ടതായുണ്ട്. രാത്രിയിൽ യൂണിറ്റിന് 19.32 രൂപവരെയും പകൽ 14.69 രൂപയും. കേരളത്തിനുള്ളിലെ താപനിലയങ്ങൾ പ്രവർത്തിപ്പിച്ചാൽ ഇതിനെക്കാൾ കുറഞ്ഞവിലയ്ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചേക്കും.

നല്ലളം നിലയം പ്രവർത്തിപ്പിക്കാൻ ക്രൂഡ് ഓയിൽ സംസ്കരിക്കുന്പോൾ ലഭിക്കുന്ന ലോ സൾഫർ ഹെവി സ്റ്റോക്ക് (എൽ.എസ്.എച്ച്.എസ്.) എന്ന ഇന്ധനമാണ് ആവശ്യം. അതു ലഭിച്ചില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന ഇന്ധനം കണ്ടെത്താൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തും. നല്ലളം പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ 96 മെഗാവാട്ട് വൈദ്യുതി ലഭിക്കും.

എൻ.ടി.പി.സി.യുടെ കായംകുളം താപവൈദ്യുത നിലയംകൂടി പ്രവർത്തന സജ്ജമാക്കിയാൽ 350 മെഗാവാട്ട് വൈദ്യുതി ലഭിക്കും. പക്ഷേ, ഏഴുവർഷമായി കെ.എസ്.ഇ.ബി. ഇവിടെനിന്നു വൈദ്യുതി വാങ്ങുന്നില്ല. വില കൂടുതലാണെന്നതാണു കാരണം. എന്നാൽ, വർഷം നൂറുകോടി രൂപയോളം ഫിക്സഡ് ചാർജ് ഇനത്തിൽ നൽകേണ്ടിവരുന്നുണ്ട്. നാഫ്തയാണ് ഇവിടെ ഉപയോഗിക്കുന്ന ഇന്ധനം. ഇപ്പോൾ എത്ര രൂപയ്ക്ക് കേരളത്തിന് നാഫ്ത ലഭിക്കും എന്നതിൽക്കൂടി വ്യക്തത വരേണ്ടതുണ്ട്.

മൂലമറ്റം, മൂഴിയാർ പവർഹൗസുകളിൽ അറ്റകുറ്റപ്പണിക്കു നിർത്തിയിട്ടിരുന്ന ജനറേറ്ററുകൾ 20, 24 തീയതികളിൽ പ്രവർത്തനസജ്ജമാകും. ഇതോടെ, മൂലമറ്റത്ത് 130 മെഗാവാട്ടും മൂഴിയാറിൽ 60 മെഗാവാട്ടും അധികമായി ലഭിക്കും. ഇത് കണക്കിലെടുത്താണ് നല്ലളം താപനിലയം മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന നിലപാടിൽ വൈദ്യുതി ബോർഡ് എത്തിയതെന്നാണ് സൂചന.

Post a Comment

Previous Post Next Post