തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും - മന്ത്രി പി.എ മുഹമ്മദ് റിയാസ്



കുറ്റ്യാടി:കേരളത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകനാര്‍കാവ് പൈതൃക ടൂറിസം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആപ്പില്‍ ലോകനാര്‍കാവിനേയും പയംകുറ്റിമലയേയും ഉള്‍പ്പെടുത്തും. പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലെ ലോകനാര്‍കാവിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. വിനോദ സഞ്ചാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടി 60 ലക്ഷം രൂപ ഭരണാനുമതിയായിട്ടുണ്ട്. ക്ഷേത്ര സംസ്‌ക്കാര പാരമ്പര്യത്തില്‍ ലോകനാര്‍കാവ് മുന്‍പന്തിയിലാണ്. പാരമ്പര്യത്തിനൊത്ത പ്രാധാന്യം ലോകനാര്‍കാവിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി , വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ.കെ, വിനോദ സഞ്ചാര വകുപ്പ് ജോ.ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post