നിർദേശ് സ്വകാര്യവത്കരണത്തിലേക്കോ.....?

ബേപ്പൂർ: 600 കോടി രൂപ ചെലവിൽ, ചാലിയത്ത് 2011-ൽ തറക്കല്ലിട്ട ഏഷ്യയിലെ ആദ്യത്തെ യുദ്ധക്കപ്പൽ രൂപകല്പനാകേന്ദ്രമായ ‘നിർദേശ്’ കേന്ദ്രസർക്കാർ നേരിട്ടുനടത്തുന്നതിൽനിന്ന്‌ പിന്മാറുന്നതായി സൂചന. 10 വർഷമായി നിശ്ചലമായ പദ്ധതി ഇനി പുനർജനിക്കുകയാണെങ്കിൽ, സ്വകാര്യവത്‌കരണത്തിലൂടെയായിരിക്കുമെന്നാണ്‌ അറിയുന്നത്‌.


പദ്ധതിക്ക്‌ തറക്കല്ലിടുമ്പോൾ രണ്ടുവർഷംകൊണ്ട്‌ ആദ്യഘട്ടം പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലും നിർദേശിന്റെ വിശദമായ രൂപരേഖ അംഗീകരിക്കാനോ പദ്ധതിക്ക്‌ ആവശ്യമായ തുക അനുവദിക്കാനോ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തയ്യാറാവാത്തതിനെത്തുടർന്ന്‌ വർഷങ്ങളോളം പദ്ധതി വഴിമുട്ടി.



രാജ്യത്തെ കപ്പൽശാലകളിൽനിന്ന്‌ ലഭിച്ചിരുന്ന തുകകൊണ്ടാണ്‌ നിർദേശ്‌ പദ്ധതിയുടെ പ്രവർത്തനച്ചെലവുകൾക്കും ഉദ്യോഗസ്ഥർക്കുമുള്ള വിഹിതം വിനിയോഗിച്ചത്‌. നിർദേശ്‌ ഡയറക്ടർ ക്യാപ്‌റ്റൻ രമേശ്‌ ബാബു ഉൾപ്പെടെ വിവിധ കപ്പൽശാലകളിൽനിന്ന്‌ നിർദേശിലേക്ക്‌ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്മാരിൽ മിക്കവരും പിരിഞ്ഞുപോയി. രാജ്യത്തെ കപ്പൽശാലകളിൽനിന്ന്‌ ലഭ്യമായ എട്ടുകോടിരൂപയിൽ നിന്നാണ്‌ നിർദേശിന്റെ അടിസ്ഥാനസൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനാവശ്യമായ തുക ചെലവാക്കിയത്‌. 2011-ൽനടന്ന തറക്കല്ലിടൽപരിപാടിക്കുമാത്രം ഒരു കോടി എഴുപത്താറുലക്ഷം രൂപ ചെലവഴിച്ചതും നിർദേശ്‌ സൈറ്റ്‌ ഓഫീസിന്‌ ചെലവായ ഒന്നരക്കോടി രൂപയും വർഷങ്ങളായി പദ്ധതി നിലനിർത്താൻവേണ്ടി നടത്തിയ ആഗോള ശില്പശാലകൾ ഉൾപ്പെടെയുള്ള പരിശീലനപരിപാടികൾക്ക്‌ ചെലവായ അഞ്ചുകോടിരൂപയും കപ്പൽശാലകളിൽനിന്ന്‌ ലഭിച്ച എട്ടുകോടിയിൽനിന്നായിരുന്നു. സർക്കാർ, നിർദേശ്‌ പദ്ധതി ഗൗരവമായെടുക്കുകയോ തുക വകയിരുത്തുകയോ ചെയ്യാത്തതിനെത്തുടർന്ന്‌ കപ്പൽശാലകൾ നിർദേശിന്‌ തുക കൈമാറുന്ന സമ്പ്രദായം നിർത്തി. പദ്ധതി നിശ്ചലമായപ്പോൾ എം.കെ. രാഘവൻ എം.പി. വിവിധ ഘട്ടങ്ങളിലായി പാർലമെന്റിൽ പ്രശ്നമുന്നയിക്കുകയും പ്രതിരോധമന്ത്രിമാരുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.


കേരള സർക്കാർ അനുവദിച്ചുകൊടുത്ത 46 ഏക്കർ സ്ഥലത്താണ്‌ നിർദേശ്‌ പ്രവർത്തിക്കുന്നത്‌. പ്രാരംഭഘട്ടത്തിലേക്കാവശ്യമായ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കേന്ദ്രത്തിൽ എത്തിച്ചതാണ്‌. നാമമാത്രമായ ഉദ്യോഗസ്ഥർ നോക്കുകുത്തികളായി മാറിയിരിക്കുകയാണിവിടെ. കേന്ദ്രസർക്കാർ പദ്ധതിനിർമാണം സംബന്ധിച്ച അടിസ്ഥാനസൗകര്യമൊരുക്കാനും രൂപരേഖ തയ്യാറാക്കാനുമായി ഉപദേഷ്ടാവിനെ നിയമിക്കാൻ നടപടി തുടങ്ങിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. 45 കോടിയുടെ പ്രവൃത്തി ആദ്യഘട്ടത്തിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഫലപ്രദമായില്ല.

Post a Comment

Previous Post Next Post