അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയിൽ റെയ്ഡ്: 16 ടിപ്പര്‍ ലോറികള്‍ പിടികൂടി



കോഴിക്കോട്: നാദാപുരം ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യു അധികൃതർ നടത്തിയ റെയ്ഡില്‍ 16 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു. ക്വാറിയുടെ പ്രവർത്തനം റെവന്യു അധികൃതർ നിർത്തിവെപ്പിച്ചു. വടകര ആര്‍ഡിഒ. സി. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റവന്യു ഉദ്യോസ്ഥ സംഘവും പോലീസും റെയ്ഡ് നടത്തിയത്. അനധികൃത ക്വാറികള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ്. ക്വാറികള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. പുലര്‍ച്ചെ തന്നെ നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേലക്കാട് ക്വാറിയില്‍ റവന്യുസംഘം എത്തി.

വടകര തഹസില്‍ദാര്‍ ആഷിക് തോട്ടോര്‍, എല്‍.ആര്‍. തഹസില്‍ദാര്‍ കെ.കെ.പ്രസില്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ.സുധീര്‍, നാദാപുരം വില്ലേജ് ഓഫീസര്‍ ഉമേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ അഭിലാഷ്, സത്യന്‍, സുധീര്‍ കുമാര്‍, വിവേക്, ധനേഷ് എന്നിവരും നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ഷൈജു എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസിന് കൈമാറി.

വലിയ രീതിയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാർ ഉൾപ്പെടെ പല തവണ പരാതികളുമായി രംഗത്ത് വന്നിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് ക്വാറി പ്രവർത്തിക്കുന്നെന്നും ആരോപണം ഉയർന്നിരുന്നു. നിരവധി യന്ത്രസാമാഗ്രികൾ ഉപയോഗിച്ചായിന്നു ക്വാറിയുടെ പ്രവർത്തനം. നിരവധി ടിപ്പർ ലോറികളിൽ വഴിയായിരുന്നു ഇവിടെ നിന്നും കല്ലുകൾ വിതരണം ചെയ്തിരുന്നത്.


Post a Comment

Previous Post Next Post