മുഖത്ത് മുളകു പൊടിയെറിഞ്ഞ് സ്കൂട്ടർ യാത്രക്കാരിയുടെ പണം കവർന്നു


നരിക്കുനി: മടവൂരിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്കൂട്ടർയാത്രികയുടെ വാഹനത്തിനുമുൻപിൽ ബൈക്ക് കുറുകെയിട്ട് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് പണം കവർന്നു. ബുധനാഴ്ച െവെകീട്ട് ആറിന് മഖാം റോഡിൽനിന്നുള്ള അത്യാപറമ്പത്ത്-പാമ്പുമ്മൽ പോക്കറ്റ് റോഡിൽ അരങ്കിൽതാഴത്ത് യുവതിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് കവർച്ച നടന്നത്. ഹെൽമറ്റ്ധാരികളായ രണ്ടുപേർ സ്‌കൂട്ടർ തടഞ്ഞ് മുഖത്തേക്ക് മുളകുപൊടിയെറിയുകയായയിരുന്നു.

തുടർന്ന് കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമിച്ചു. യുവതി ബലംപ്രയോഗിച്ച് മാലയിൽനിന്ന്‌ കൈവിടാതെ അവരെ ചെറുത്തുനിന്നതിനാൽ മാല കവരുന്നത് തടയാൻകഴിഞ്ഞു. എന്നാൽ, ഇതിനിടയിൽ കവർച്ചക്കാരിൽ ഒരാൾ യുവതി ഓടിച്ച സ്കൂട്ടറിന്റെ താക്കോലെടുത്ത് ഡിക്കിതുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പണം കവർന്നുവെന്നാണ് പരാതി. സംഘത്തിൽ അടയ്ക്കാനായി പേഴസിൽ കരുതിയിരുന്ന 10,200 രൂപയാണ് നഷ്ടപ്പെട്ടതെന്ന് യുവതി പറഞ്ഞു.

ബൈക്കിൽ രണ്ടുപേർ ഹെൽമറ്റും മുഖാവരണവും ധരിച്ച് ദൂരെനിന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും കവർച്ചനടത്തുമെന്ന് കരുതിയില്ലെന്ന് യുവതി പറഞ്ഞു. കവർച്ചയ്ക്കുശേഷം ബൈക്ക്‌യാത്രക്കാർ വന്നവഴി തിരിച്ചുപോയി. കണ്ണിൽ മുളകുപൊടി ഏറ്റതോടെ ബൈക്ക് നമ്പറോ, ആളുകളേയെയോ ശ്രദ്ധിക്കാൻ പറ്റിയില്ല. ഇതുസംബന്ധിച്ച് കുന്ദമംഗലം പോലീസിൽ പരാതി നൽകി.

വിരലടയാളവിദഗ്ധർ സംഭവസ്ഥലം പരിശോധിച്ചു. പോലീസ് സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. കൂടുതൽ പരിശോധനകൾക്കുശേഷമേ പ്രതികളെ സംബന്ധിച്ച് എന്തെങ്കിലുംപറയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post