'ശുദ്ധികലശം': മിഠായിത്തെരുവിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കോർപ്പറേഷൻ


മിഠായിത്തെരുവിലെ കടകളുടെ അനധികൃത ഗോഡൗണുകളിൽ സൂക്ഷിച്ച സാധനങ്ങൾ കോർപ്പറേഷൻ അധികൃതർ എടുത്തുമാറ്റുന്നു


കോഴിക്കോട് : മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളുടെ കൈയേറ്റങ്ങളൊഴിപ്പിച്ച് കോർപ്പറേഷൻ. സെക്രട്ടറി കെ.യു. ബിനിയുടെ നേതൃത്വത്തിൽ ടൗൺ പ്ലാനിംഗ്, ആരോഗ്യം, റവന്യു വിഭാഗങ്ങൾ സംയുക്തമായാണ് നടപടിയെടുത്തത്. മൊയ്തീൻ പള്ളി റോഡിൽ ബേബി ബസാറിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കോർപ്പറേഷൻ വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കൈയേറ്റം ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചത്.


ഇന്നലെ വൈകീട്ട് മൂന്നോടെയെത്തിയ കോർപ്പറേഷൻ സംഘം ബേബി ബസാറിനുള്ളിലെയും സമീപത്തെയും കടകളിൽ പരിശോധന നടത്തി പൊതുസ്ഥലങ്ങൾ കൈയേറി വിൽപ്പനയ്ക്ക് വെച്ച സാധനങ്ങൾ പിടിച്ചെടുത്തു. വഴികളിലും കവാടങ്ങളിലും കോണിപ്പടികളിലും സൂക്ഷിച്ച സാധനങ്ങൾ നീക്കം ചെയ്തു. സംഘർഷം ഒഴിവാക്കാൻ വലിയ പൊലീസ് സന്നാഹം തെരുവിൽ നിലയുറപ്പിച്ചിരുന്നു.


രണ്ട് മാസം മുമ്പ് വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് നിയമലംഘനം നടത്തിയ 192 കടകൾക്ക് നോട്ടീസ് നൽകി. ഇതിനിടെ വ്യാപാരി സംഘടന പ്രതിനിധികളുമായി മേയർ ബീന ഫിലിപ്പ് ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 25നാണ് നോട്ടീസ് കാലാവധി അവസാനിച്ചത്. പത്ത് ദിവസം കൂടി കൈയേറ്റം ഒഴിയാൻ അനുവദിച്ചെങ്കിലും തയ്യാറാകാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് ഇന്നലെ നടപടി ഉണ്ടായത്. പിടിച്ചെടുത്ത സാധനങ്ങൾ പിഴ അടച്ചാൽ തിരിച്ചു നൽകും. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത് ഉൾപ്പെടെ നടപടി കർശനമാക്കാനാണ് കോർപ്പറേഷൻ തീരുമാനം. അതെസമയം കോർപ്പറേഷന്റെ നടപടിയിൽ പക്ഷപാതിത്വമുണ്ടെന്ന് കച്ചവടക്കാർ ആരോപിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ബി.അച്യുതൻ, ഹെൽത്ത് ഓഫീസർ മിലു മോഹൻദാസ്, എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.പി.രമേശ്, സൂപ്രണ്ടിംഗ് എൻജിനിയർ എം.എസ്.ദിലീപ് എന്നിവരും ഒഴിപ്പിക്കലിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post