കൊയിലാണ്ടി നഗരസഭാ മൃഗാശുപത്രിയിൽ വെറ്ററിനറി സർജനില്ല : വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ പെടാപ്പാട്


   
കൊയിലാണ്ടി: നഗരസഭ മൃഗാശുപത്രിയിൽ സീനിയർ വെറ്ററിനറി സർജൻ അവധിയിൽ പോയതോടെ വളർത്തുമൃഗങ്ങൾക്ക് ചികിത്സനൽകാൻ ആളില്ലാത്ത അവസ്ഥ. ചെങ്ങോട്ടുകാവ് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറാണ് ആഴ്ചയിലൊരുദിവസം കൊയിലാണ്ടിയിലെത്തി മൃഗങ്ങളെ പരിശോധിക്കുന്നത്. കൊയിലാണ്ടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വെറ്ററിനറി സർജൻ പരിശീലനത്തിനായി പോയിരിക്കുകയാണ്.

ഇനി ഏപ്രിലിലെ തിരിച്ചെത്തു. പകരം സംവിധാനമായിട്ടാണ് ചെങ്ങോട്ടുകാവിലെ വെറ്ററിനറി ഡോക്ടർ ആഴ്ചയിൽ ഒരു ദിവസം ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്.

ഡോക്ടർ ഇല്ലാത്ത ദിവസങ്ങളിൽ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടറാണ് മരുന്നുനൽകുന്നത്. ദിവസവും നൂറോളംപേർ വളർത്തുമൃഗങ്ങളെയും കൊണ്ട് ചികിത്സതേടി ഇവിടെയെത്താറുണ്ട്.

കൊയിലാണ്ടി നഗരസഭയിൽമാത്രം നാന്നൂറോളം ക്ഷീരകർഷകരുണ്ട്. ഇതിൽ മുന്നൂറോളം പേർക്ക് കറവപ്പശുക്കളുണ്ട്. അതേ പോലെ അൻപതോളം പേർക്ക് ആടുവളർത്തലും ഉണ്ട്. നഗരസഭയിലെ ക്ഷീരകർഷകർക്ക് ഏകാശ്രയം കൊയിലാണ്ടി നഗരമധ്യത്തിലെ ഈ മൃഗാശുപത്രിയാണ്. ഇതുകൂടാതെ പൂച്ച, നായ, ഓമനപ്പക്ഷികൾ എന്നിവയെ വളർത്തുന്നവരും കൂടിവരികയാണ്.

മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം 1500 പേർ നായ, പൂച്ച എന്നിവയെ വളർത്തുന്നുണ്ട്. ഇത്തരം വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും അസുഖങ്ങൾ വന്നാലും ആശ്രയിക്കുക കൊയിലാണ്ടി മൃഗാശുപത്രിയെയാണ്. സമീപ പഞ്ചായത്തിലുള്ളവരും ഇങ്ങോട്ടാണ് വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നത്.

ഇത് ഇവരുടെ ജോലിഭാരം കൂട്ടും. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ ഓഫീസ് കാര്യങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, സർവേജോലികൾ എന്നിവകൂടി ചെയ്യണം.


Post a Comment

Previous Post Next Post