വരുന്നു കുടുംബശ്രീ പൊലീസ്! പേര് 'സ്ത്രീ കർമ്മസേന', ഡിജിപിയുടെ ശുപാർശ



തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും എത്തുന്നു. സ്ത്രീ കർമ്മസേനയെന്ന പേരിൽ കേരളാ പൊലീസിന്‍റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപി അനിൽ കാന്താണ്.

കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണം.

നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശപ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽ കാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സമൂഹത്തിന്‍റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്‍റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെത്തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.


Post a Comment

Previous Post Next Post