ബീച്ചിലെ കടകളിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് കണ്ടെത്തി



കോഴിക്കോട്: പഠനയാത്രയ്ക്കായി കോഴിക്കോട്ടെത്തിയ പതിനാലുകാരൻ അബദ്ധത്തിൽ ആസിഡ് ലായനി കുടിച്ച്‌ പൊള്ളലേറ്റതിനെ തുടർന്ന് വരക്കൽ ബീച്ച് ഭാഗത്തുള്ള തട്ടുകടകളിൽ നിന്നും ശേഖരിച്ച അഞ്ചു സാംപിളുകളിൽ രണ്ടെണ്ണത്തിൽ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് കണ്ടെത്തി. രണ്ടു സ്ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ സാംപിളുകളാണിത്. നിർമാണമേഖലയിൽ വിനാഗിരി നിർമിക്കാനായി ഉപയോഗിക്കുന്നതാണിതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യസുരക്ഷാ പരിശീലനം നൽകുമെന്നും അവർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ റീജണൽ അനലറ്റിക്കൽ ലാബിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് അയച്ച മറ്റ് മൂന്ന് ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകം വിനാഗിരി ലായിനിതന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കാസർകോഡ് സ്വദേശിയായ മുഹമ്മദിന് പൊള്ളലേറ്റത്. മുഹമ്മദ് ഛർദിച്ചത് ദേഹത്തായ സുഹൃത്തിന്‍റെ പുറംഭാഗത്തും പൊള്ളലേറ്റിരുന്നു.


Post a Comment

Previous Post Next Post