എൻ.ഐ.ടി.യിൽ ‘ഗ്രീൻ ആംഫി തിയേറ്റർ’ വരുന്നു,

എൻ.ഐ.ടി.യിൽ നിർമിക്കുന്ന ‘ഗ്രീൻ ആംഫി തിയേറ്ററിന്റെ ’മാതൃക


കോഴിക്കോട് : പ്രകൃതിസൗഹൃദ അന്തരീക്ഷമുള്ള ‘ഗ്രീൻ ആംഫി തിയേറ്ററിന്റെ’ നിർമാണം എൻ.ഐ.ടി.യിൽ ആരംഭിച്ചു. എൻ.ഐ.ടി. കാലിക്കറ്റ് അലംനി അസോസിയേഷൻ സ്പോൺസർ ചെയ്യുന്ന പദ്ധതിയാണിത്.

കാമ്പസിലെ പ്രധാന കെട്ടിടത്തിനും പഴയ ലൈബ്രറി കെട്ടിടത്തിനും ഇടയിലുള്ള ചതുർഭുജത്തിൽ നിർമിക്കുന്ന തിയേറ്റർ, പൊതുവെ അനൗപചാരിക ഇടമായും രാഗം, തത്വ തുടങ്ങിയ പ്രധാന ആഘോഷാവസരങ്ങളിൽ വിദ്യാർഥികൾക്ക് ഒത്തുചേരലിനുള്ള സ്ഥലമായും ഉപകരിക്കും. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ ഫാക്കൽറ്റിയായ ഡോ. അഞ്ജന ഭാഗ്യനാഥനാണ് പ്രകൃതിസൗഹൃദമായി ഈ ആംഫി തിയേറ്റർ രൂപകല്പന ചെയ്തത്. ‘ഗ്രീൻ ആംഫി തിയേറ്റർ’ എന്ന പേര് അന്വർഥമാക്കി എല്ലാ പ്രകൃതി സവിശേഷതകളെയും നിലനിർത്തിയും പ്രകൃതിദത്തമായ വസ്തുക്കൾമാത്രം ഉപയോഗിച്ചുമാണ് നിർമാണം. ഇലക്‌ട്രിക്കൽ എൻജിനിയറിങ് മുൻ പ്രൊഫസർ ഡോ. പോൾ ജോസഫ് നട്ടുപിടിപ്പിച്ച ഒരു ആൽമരം, പിപ്പൽ എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് രൂപകല്പന. പ്രധാനകെട്ടിടം മുതൽ പഴയ ലൈബ്രറി കെട്ടിടം വരെയുള്ള എല്ലാമരങ്ങളും നിലവിലുള്ള പാതകളും രൂപകല്പനയുടെ ഭാഗമായി സംരക്ഷിച്ചിരിക്കുന്നു.

1993 ബാച്ച് വിദ്യാർഥികളുടെയും 1972 ബാച്ചിലെ സുരേഷ് ചന്ദ് ജെയിനിന്റെയും സംഭാവനകളോടെയാണ് 22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യെയാണ് നിർമാണം ഏൽപ്പിച്ചിരിക്കുന്നത്.

എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ടുമാസത്തിനകം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.


Post a Comment

Previous Post Next Post