രക്ഷാദൗത്യം വിജയകരം; ബാബുവിനെ മലമുകളിലെത്തിച്ചു


പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു .46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.

ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ബാബു ഏറെ നേരെ വെള്ളം ചോദിച്ചിരുന്നു. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ്, കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.


Post a Comment

Previous Post Next Post