കല്ലായിപ്പുഴയുടെ വീണ്ടെടുപ്പുണ്ടാവുമോ ..?


കോഴിക്കോട്: പണവും പദ്ധതികളും ഏറെയുണ്ടായിട്ടും ഇപ്പോഴും കരഞ്ഞ് കലങ്ങി കല്ലായിപ്പുഴ. കൈയേറ്റങ്ങളും മലിനീകരണവും തുടർക്കഥയായിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം പുഴയെ നാശത്തിലേക്ക് തള്ളിവിടുകയാണ്. പന്ത്രണ്ട് വർഷം മുമ്പ് കല്ലായിപ്പുഴ നവീകരണത്തിന് റിവർ മാനേജ് ഫണ്ടിൽ നിന്ന് 3. 5 കോടി സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് 4.90 കോടി രൂപയായി വർദ്ധിപ്പിച്ചു. പുഴ നവീകരണത്തിന് കോർപ്പറേഷൻ ഏഴര കോടിയും നീക്കിവെച്ചു. എന്നാൽ പുഴയുടെ വീണ്ടെടുപ്പ് മാത്രം നടന്നില്ല. ചെളി നീക്കി പുഴയുടെ ആഴം കൂട്ടാൻ സി.ഡബ്യു.ആർ.ഡി.എം കഴിഞ്ഞ വർഷം ജലസേചന വകുപ്പിനും കോർപ്പറേഷനും റിപ്പോർട്ട് സമ‌ർപ്പിച്ചിരുന്നു. അതും ഫയലിൽ കിടക്കുകയാണ്. അതിനിടെ പഠന റിപ്പോർട്ട് അധികൃതർ മറച്ചുവെയ്ക്കുകയാണെന്ന ആക്ഷേപവുമുണ്ട്.

കല്ലായിപ്പുഴയിലെ കൈയേറ്റത്തിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പുഴ സംരക്ഷണ സമിതി. കൈയേറ്റക്കാരെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്ന ആരോപണമാണ് സംരക്ഷണ സമിതി ഉന്നയിക്കുന്നത്. പുഴയുടെ ഇരുപത്തി മൂന്നര ഏക്കർ കൈയേറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ 45 ഓളം വ്യക്തികൾക്ക് നോട്ടീസ് നൽകിയതല്ലാതെ തുടർ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കാൻ പുഴ സംരക്ഷണ സമിതി തീരുമാനിച്ചിക്കുന്നത്. ചെളി കോരി ആഴം കൂട്ടുക, കോരിയെടുക്കുന്ന ചെളി കടലിൽ അഞ്ചുകിലോമീറ്റർ അകലെ നിക്ഷേപിക്കുക, കൈയേറ്റം പൂർണമായി ഒഴിവാക്കുക, സർവേ നടത്തി പുഴയുടെ ഭൂമി കണ്ടെത്തുക, കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനമായ ചെറുകുളത്തൂർ മലനിരകളിൽ നിന്നുവരുന്ന നീർചാലുകൾ ശാസ്ത്രീയമായി നവീകരിക്കുക എന്നീ ആവശ്യങ്ങളാണ് പുഴ സംരക്ഷണ സമിതി മുന്നോട്ടുവയ്ക്കുന്നത്.


നീതി, നിഷേധം, പോരാട്ടം

  • 2016ൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി വിധി
  • 2017ൽ റവന്യു വിഭാഗം നോട്ടീസ് നൽകി
  • 2018 കൈയേറ്റം തടയാൻ 100 ജണ്ട കെട്ടി
  • 2018 അവസാനത്തോടെ ജണ്ടകൾ നശിപ്പിച്ചു.
  • 2021 കോടതി വിധി നടപ്പിലാക്കാൻ സംരക്ഷണ സമിതി ഹൈക്കോടതിയിൽ

"പുഴയുടെ ആഴം കൂട്ടുമ്പോഴുണ്ടാകുന്ന സാമൂഹിക പാരിസ്ഥിതികാഘാതങ്ങളെ കുറിച്ചും സർവേയുടെ ഭാഗമായി പഠനം നടത്തിയിരുന്നു. പഠന റിപ്പോർട്ട് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ റിപ്പോ‌ർട്ടിൻമേൽ നടപടിയുമുണ്ടായിട്ടില്ല." ഡോ.പി.എസ്.ഹരികുമാർ,

സീനിയർ സയന്റിസ്റ്റ്, സി.ഡബ്യു.ആർ.ഡി.എം.

"2016ലെ കോടതിവിധി പ്രകാരം പുഴയിലെ കൈയേറ്രങ്ങൾ ഒഴിപ്പിക്കാൻ റവന്യു വിഭാഗം ഇതുവരെ നടപടി എടുത്തിട്ടില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. വിധി എത്രയും പെട്ടെന്ന് നടപ്പാക്കാൻ അധികൃതർ തയ്യാറാവണം." ഫൈസൽ പള്ളിക്കണ്ടി, ജനറൽ സെക്രട്ടറി,കല്ലായിപ്പുഴ സംരക്ഷണ സമിതി.


Post a Comment

Previous Post Next Post