പാർപ്പിടമേഖലയിൽ ടെലിഫോൺ ടവറുകൾ ; സ്ഥാപിക്കാൻ താമസക്കാരുടെ അനുമതി ആവശ്യമില്ല -ഹൈക്കോടതി


കൊച്ചി: പാർപ്പിടമേഖലയിൽ ടെലിഫോൺ ടവറുകൾ സ്ഥാപിക്കാൻ താമസക്കാരുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവിൽ പറയുന്നു. താമസക്കാരുടെ അനുമതിയില്ലാതെ മൊബൈൽ ടവർ സ്ഥാപിച്ചതിനെതിരേ തൃശ്ശൂർ മുനിസിപ്പാലിറ്റി സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്ത് റിലയൻസ് ജിയോ ഇൻഫോകോം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.

താമസക്കാരുടെ അനുമതിയില്ലാതെ റെസിഡൻഷ്യൽ ബിൽഡിങ്ങിൽനിന്ന് 50 മീറ്ററിനുള്ളിൽ ടവർ നിർമിക്കരുതെന്നായിരുന്നു ഉത്തരവ്. എന്നാൽ, നിലവിലെ നിയമത്തിന് വിരുദ്ധമായി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമയുടെ അനുമതിയേ ടവർ സ്ഥാപിക്കാൻ ആവശ്യമുള്ളൂ എന്നാണ് നിയമം. ടെലി കമ്യൂണിക്കേഷൻ ടവറുകൾ ഏത് മേഖലയിലും ഏത് കെട്ടിടങ്ങളിലും അവിടെ താമസക്കാരുണ്ടോയെന്ന് പരിഗണിക്കാതെ അനുവദിക്കാമെന്നും നിയമം വ്യക്തമാക്കുന്നു. അതിനാൽ മുനിസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ നിയമവിരുദ്ധമാണെന്ന് വിലയിരുത്തി കോടതി റദ്ദാക്കി.

നിയമത്തിൽ പറയുന്നത്

1999-ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ 130 പ്രകാരമാണ് ടവർ നിർമിക്കാൻ അനുമതിനൽകിയിരുന്നത്. ഇത് പരിഷ്കരിച്ച് 2019 മുതൽ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾസ് 83 പ്രകാരമാണ് അനുമതിനൽകുന്നത്. ടവറുകൾ കെട്ടിടങ്ങളിൽനിന്നും എത്രദൂരത്തായിരിക്കണം എന്നത് വ്യക്തമായി പറയുന്നുണ്ട്.

ചട്ടം 132-ലാണ് ടവർ നിർമിക്കാൻ സമീപത്തെ സ്ഥലത്തിന്റെ ഉടമയുടെ അനുമതി ആവശ്യമുണ്ട് എന്ന് പറയുന്നത്. ഇതിനപ്പുറം പാർപ്പിടമേഖലയിലെ കെട്ടിട ഉടമകളുടെ അനുമതി ആവശ്യമില്ലെന്നാണ് നിയമത്തിൽ പറയുന്നത്.

ചട്ടം 140 എ(2) ആണ് ടെലികമ്യൂണിക്കേഷൻ ടവറുകൾ ഏതു മേഖലയിലും ഏതു കെട്ടിടത്തിലും സ്ഥാപിക്കാം എന്ന് വ്യക്തമാക്കുന്നത്. കെട്ടിടത്തിൽ താമസമുണ്ടോ എന്നതും അതിന് പരിഗണിക്കേണ്ടതില്ല.


Post a Comment

Previous Post Next Post