പുതിയപാലത്ത് വലിയപാലം : പകുതിയിലേറെ കെട്ടിടങ്ങളും പൊളിച്ചു

കോഴിക്കോട്: പുതിയപാലത്ത് വലിയപാലം നിർമിക്കുന്നതിനു മുന്നോടിയായി ഏറ്റെടുത്ത കെട്ടിടങ്ങളിൽ പകുതിയിലേറെയും പൊളിച്ചു. ലേലംചെയ്ത ചിലത് പൊളിക്കാൻ ശേഷിക്കുന്നുണ്ട്. പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമായതിനാൽ ഇനി കെട്ടിടം പൊളിക്ക് വേഗം കൂടും.

ചില കെട്ടിടങ്ങളുടെ ലേലത്തുക കുറവായതിനാൽ ഉള്ള ബുദ്ധിമുട്ടുണ്ട്. ആറ് മാസത്തിലേറെയായി കെട്ടിടം പൊളി തുടങ്ങിയിട്ട്. പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് പദ്ധതിയുടെ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. സാങ്കേതികാനുമതിയുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയായാൽ ടെൻഡറിലേക്ക് കടക്കാനാകും. അപ്പോഴേക്കും കെട്ടിടം പൊളിക്കുന്നതും പൂർത്തിയാവും. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇതെല്ലാം കഴിയുമെന്നാണ് പ്രതീക്ഷ.



ഇരുചക്രവാഹനംപോലും ഞെരുങ്ങി മാത്രം പോകുന്ന പാലത്തിന് പകരം വലിയപാലം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. കൂടാതെ പാലത്തിന്റെ പല ഭാഗങ്ങളും അപകടാവസ്ഥയിലായതിനാൽ മുമ്പ് വാഹനം കടത്തിവിടുന്നതുവരെ ഒഴിവാക്കിയ സാഹചര്യം ഉണ്ടായിരുന്നു. വലിയപാലം പണിയാനും ഭൂമിയേറ്റെടുക്കാനുമെല്ലാമായി 40 കോടിയിലേറെ രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമി വിട്ടുകൊടുത്തവർക്കും കച്ചവടക്കാർക്കുമുൾപ്പെടെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. 11 മീറ്ററിലേറെ വീതിയുള്ളതാകും വലിയപാലം. ആർച്ച് മാതൃകയിലുള്ള പാലമാണ് ഇവിടെ പണിയാൻ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വർഷമെങ്കിലും പാലം പണി തുടങ്ങുമെന്നായിരുന്നു നേരത്തേയുള്ള പ്രതീക്ഷ. സാങ്കേതികകാരണങ്ങളാൽ പണി നീണ്ടു. ഇപ്പോൾ ലേലത്തിനെടുത്ത കെട്ടിടം പോലും പൊളിക്കാത്ത സ്ഥിതിയാണെന്ന് ജനകീയകൂട്ടായ്മ ആരോപിക്കുന്നുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതർ പറയുന്നത്.


Post a Comment

Previous Post Next Post