മെഡിക്കൽ കോളേജിൽ 20 കോടിരൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതി


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ 20 കോടി രൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭിച്ചു. 40 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും ഉടൻ അനുമതിയാകും.

സാങ്കേതികാനുമതി ലഭ്യമാകാതിരുന്നതിനാലാണ് ഇതുവരെ നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടത്. സാങ്കേതികാനുമതികിട്ടിയ നിർമാണ പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.


കെട്ടിട നിർമാണത്തിനും ഇലക്‌ട്രിഫിക്കേഷനുമായി ഒറ്റ ടെൻഡർ എന്ന രീതിയിലുള്ള കോമ്പസൈറ്റ് ടെൻഡറിലൂടെയാണ് പദ്ധതികളെല്ലാം നടപ്പാക്കുക. റോഡുകളുടെ പരിപാലന കാലാവധി കഴിഞ്ഞാലും പരിപാലനം ഉറപ്പാക്കുന്ന റണ്ണിങ് കോൺട്രാക്ട് സംവിധാനം ജില്ലയിൽ മികച്ചരീതിയിൽ നടപ്പാക്കുന്നുണ്ട്. 179 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡുകൾ ഈ സംവിധാനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. എട്ടെണ്ണം ടെൻഡർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമിക്കുന്ന ഇംഹാൻസിന്റെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം, മൂന്ന് കോടിയുടെ ഡ്രഗ് സ്റ്റോർ, 250 പേർക്ക് താമസിക്കാവുന്ന 14 കോടി രൂപയുടെ ബോയ്സ് ഹോസ്റ്റൽ എന്നിവയ്ക്കാണ് അനുമതി. 4.2 കോടി രൂപയുടെ സ്ട്രോക്ക് സെന്റർ, പാരാ മെഡിക്കൽ ബിൽഡിങ്, കാൻസർ സെന്ററിൽ നാലുകോടി രൂപയുടെ കെട്ടിടം, 6.16 കോടി രൂപയുടെ റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നീ പദ്ധതികളുടെ വിശദറിപ്പോർട്ട് തയ്യാറാക്കി സാങ്കേതികാനുമതിക്കായി ശുപാർശ ചെയ്തു. ട്രോമാകെയർ, പാർട്ടം യൂണിറ്റ്, ഹൗസ് സർജൻ ക്വാർട്ടേഴ്സ് എന്നീ പദ്ധതികൾക്കായി പി.ഡബ്ല്യു.ഡി. രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എട്ട് കോടി രൂപയുടേതാണ് ട്രോമാകെയർ. ഇതും ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post