രാവെന്നോ പകലെന്നോ വ്യത്യാസമില്ല, 800 മീറ്റര്‍ അകലെ നിന്നും വരെ നിയമലംഘനം പിടിക്കും; എ.ഐ ക്യാമാറകള്‍ നാളെ പ്രവർത്തനമാരംഭിക്കും


തിരുവനന്തപുരം: രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയില്‍ പതിയും. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍വരെ ക്യാമറ പിടിക്കും.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്ത യാത്രക്കാരെ പിടിക്കാന്‍ റോഡുകളില്‍ എ.ഐ. ക്യാമറാ (നിര്‍മിതബുദ്ധി ക്യാമറ) സംവിധാനമൊരുങ്ങി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന 700 ക്യാമറകളില്‍ 667 എണ്ണവും സ്ഥാപിച്ചു. ജില്ലകളില്‍ കണ്‍ട്രോള്‍ മുറിയും സജ്ജമായി. മോട്ടോര്‍വാഹനവകുപ്പിന്റെ നിയന്ത്രണത്തില്‍ കെല്‍ട്രോണ്‍ മണ്‍വിള യൂണിറ്റാണിവ സ്ഥാപിക്കുന്നത്. ഏപ്രിലില്‍ ഉദ്ഘാടനം നടത്താനാണ് ആലോചന.


ഓരോ ജില്ലയിലും ക്യാമറ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയാണെന്നുള്ള വിവരം മോട്ടോര്‍വാഹനവകുപ്പ് കെല്‍ട്രോണിന് നല്‍കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ 60 ക്യാമറ വീതം സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇത് 30-45 ആണ്. കണ്ണൂരില്‍ 50-60-ഉം കാസര്‍കോട്ട് 44-ഉം ക്യാമറകളുണ്ട്.

ദേശീയപാതകള്‍, സംസ്ഥാന, ജില്ലാ പാതകള്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വറില്‍നിന്നാണ് നിയന്ത്രണം. കെല്‍ട്രോണിനാണ് പരിപാലനച്ചുമതല. ദേശീയപാത 66-ന്റെ വികസനം ക്യാമറ സ്ഥാപിക്കലിന് തിരിച്ചടിയായി. റോഡ് നിര്‍മാണം നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ക്യാമറകള്‍ നീക്കം ചെയ്തുതുടങ്ങി.


കാസര്‍കോട് ജില്ലയില്‍ സ്ഥാപിച്ച 44 എണ്ണവും എടുത്തുമാറ്റി. ഇതില്‍ 14 എണ്ണം മറ്റു റോഡുകളില്‍ സ്ഥാപിച്ചതായി എന്‍ഫോഴ്സമെന്റ് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലും മാറ്റാന്‍ നിര്‍ദേശം ലഭിച്ചു. ദേശീയപാതയിലുണ്ടായിരുന്ന 31 ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറയില്‍ 16 എണ്ണമാണ് നിലവിലുള്ളത്. മട്ടന്നൂരാണ് ജില്ലയിലെ നിയന്ത്രണകേന്ദ്രം. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി 18 ചുവപ്പ് സിഗ്‌നല്‍ ക്യാമറകളും തയ്യാറായി.


എ.ഐ. രാത്രിയിലും പിടിക്കും

രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയില്‍ പതിയും. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍വരെ ക്യാമറ പിടിക്കും. 800 മീറ്റര്‍ ദൂരത്തുനിന്ന് വാഹനത്തിന്റെ മുന്‍ഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങള്‍ ക്യാമറ പകര്‍ത്തും. നമ്പര്‍ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും ഇത്. ഹെല്‍മെറ്റിന് പകരം മറ്റെന്തെങ്കിലും തലയില്‍ വെച്ചാലും ക്യാമറയുടെ നിര്‍മിതബുദ്ധി പിടിച്ച് പിഴ ചുമത്തും.

Post a Comment

Previous Post Next Post