ആർദ്രകേരള പുരസ്കാരനിറവിൽ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകൾ


കോഴിക്കോട് : ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാര നിറവിൽ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകൾ. ആരോഗ്യമേഖലയിലെ മികച്ച ഇടപെടൽ മുൻനിർത്തി സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം നൊച്ചാട് ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. ആറുലക്ഷം രൂപയാണ് അവാർഡ് തുക.

ജില്ലാതലത്തിൽ മൂടാടി ഗ്രാമപ്പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. അഞ്ച് ലക്ഷം രൂപയാണ് അവാർഡ് തുക. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. പുറമേരി ഗ്രാമപ്പഞ്ചായത്തിനാണ് മൂന്നാംസ്ഥാനം. രണ്ടുലക്ഷം രൂപയാണ് അവാർഡ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, കോവിഡ് പ്രതിരോധം, മികച്ച വാക്സിനേഷൻ സംവിധാനം സജ്ജമാക്കൽ, കുടുംബാരോഗ്യകേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രികളുടെ മികച്ച പ്രവർത്തനം എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്.


ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരേ ശക്തമായ പ്രതിരോധ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടുവർഷത്തിനുളളിൽ മൂടാടി ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കിയതെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

കൊതുക് നശീകരണ പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കാരശ്ശേരി പഞ്ചായത്ത് പ്രോജക്ട് ഇനത്തിൽ ആരോഗ്യ മേഖലയിൽ 2692539 രൂപ ചെലവഴിച്ചതായി പ്രസിഡന്റ് വി.പി സ്മിത പറഞ്ഞു. ആരോഗ്യരംഗം വലിയ വെല്ലുവിളി നേരിട്ട സമയത്തായിട്ടും രോഗികൾക്കുള്ള സേവനം, മെഡിക്കൽലാബ് ഒരുക്കൽ, ശുചിത്വ പരിപാലനം, രോഗ പ്രതിരോധം തുടങ്ങിയവയിൽ പഞ്ചായത്തിലെ എല്ലാ വിഭാഗം ആശുപത്രികളിലും മികച്ച നിലവാരം പുലർത്തിയതായി അവർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ബജറ്റിൽ ആരോഗ്യമേഖലയിലും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും കൂടുതൽ തുക വകയിരുത്തിയതായി പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി പറഞ്ഞു.നൊച്ചാട്, മൂടാടി, കാരശ്ശേരി, പുറമേരി പഞ്ചായത്തുകൾക്ക് അവാർഡ്

Post a Comment

Previous Post Next Post