സംസ്ഥാന ബജറ്റ്: തിരുവമ്പാടി മണ്ഡലത്തിൽ 153 കോടിയുടെ പദ്ധതികൾ



മുക്കം : സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് 153 കോടിരൂപയുടെ പദ്ധതികൾ. അടിസ്ഥാനസൗകര്യ വികസനത്തിന് മുൻതൂക്കം നൽകുന്നതാണ് ഭൂരിഭാഗം പദ്ധതികളും. റോഡുകളുടെ വികസനത്തിന് നൂറുകോടിരൂപ അനുവദിച്ചപ്പോൾ പാലങ്ങളുടെ നിർമാണത്തിന് 30 കോടി വകയിരുത്തിയിട്ടുണ്ട്.

ശോച്യാവസ്ഥയിലുളള മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ പത്തുകോടിയും കോടഞ്ചേരി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് നാലുകോടിരൂപയും അനുവദിച്ചിട്ടുണ്ട്. ‌ തിരുവമ്പാടി നഗരപരിഷ്കരണത്തിന് നാലുകോടിയും മുക്കം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടാംനില നിർമാണത്തിന് രണ്ടുകോടിയും വയനാട് ചുരം ഹാങ്ങിങ് പ്ലാറ്റ്‌ഫോമിന് രണ്ടുകോടിയും കക്കാടംപൊയിൽ ടൂറിസം വില്ലേജ് ആൻഡ് ഫ്ളവർ വാലിക്ക് അഞ്ചുകോടിയും ടോക്കൺ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. കിലോമീറ്റിറിന് നാലുകോടിയോളം രൂപ ചെലവിൽ നവീകരിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കുപ്പിക്കഴുത്തായേക്കാവുന്ന മുക്കംപാലം പുനർനിർമാണത്തിന് 15 കോടിയും ശോച്യാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന് രണ്ടുകോടിയും അഗസ്ത്യൻമുഴി പാലത്തിന് നാലുകോടിയും അനുവദിച്ചിട്ടുണ്ട്.



തിരുവമ്പാടി ബൈപ്പാസ് (20 കോടി) പെരുമ്പൂള-നായാടംപൊയിൽ റോഡ് (10) കണ്ടപ്പൻചാൽ-മുണ്ടൂർ-നെല്ലിപ്പൊയിൽ റോഡ് (15), ഓമശ്ശേരി-കോടഞ്ചേരി റോഡ് (15), ചിപ്പിലിത്തോട്-മേലെമരുതിലാവ്‌ റോഡ് (10), ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് (അഞ്ച്‌), താഴെ കൂടരഞ്ഞി-തേക്കുംകുറ്റി റോഡ് (അഞ്ച്‌), മുക്കം-കുറ്റിപ്പാല-മാമ്പറ്റ ബൈപ്പാസ് (അഞ്ച്‌), കണ്ടപ്പൻചാൽ-മറിപ്പുഴ റോഡ് (അഞ്ച്‌), അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി റോഡും ഈരൂട് പാലവും (15) എന്നീ പ്രവൃത്തികളാണ് ടോക്കണായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഇതോടൊപ്പം ബജറ്റ് പ്രസംഗത്തിൽ പൊതുവായി നിർദേശിച്ച കോളേജുകളും ഐ.ടി.ഐ. കേന്ദ്രീകരിച്ച് സ്കിൽ കോഴ്‌സ്-ഉത്പാദനകേന്ദ്രം, മൂല്യവർധിത കാർഷിക മിഷൻ-അഗ്രി-ടെക് ഫെസിലിറ്റി കേന്ദ്രം, മിനി ഫുഡ്പാർക്ക്, കാർഷികോത്പന്ന സംഭരണത്തിന് കോൾഡ് ചെയിൻ സൗകര്യം, സ്വകാര്യ വ്യവസായപാർക്ക്, ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്, ടൂറിസം ഹബ്, ഗ്രാമീണ ടൂറിസം (ഒരു പഞ്ചായത്തിൽ ഒരു കേന്ദ്രം) സഞ്ചരിക്കുന്ന റേഷൻകട, ഹരിത കാമ്പസ് (സോളാർ, മാലിന്യസംസ്കരണം, പച്ചക്കറി-പുഷ്പ കൃഷി), കോളേജ് ഹോസ്റ്റൽ, ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലം, സ്മാർട്ട് വില്ലേജ് ഓഫീസ്, പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമാണം തുടങ്ങിയ പദ്ധതികളും മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. പറഞ്ഞു.

Post a Comment

Previous Post Next Post