ചെങ്ങോട്ടുമല: കേന്ദ്ര പാരിസ്ഥിതികാഘാത സമിതിയും അനുമതി നൽകിയില്ല


പേരാമ്പ്ര: ചെങ്ങോട്ടുമല കരിങ്കൽഖനനത്തിന് പാരിസ്ഥിതികാനുമതി തേടിയുള്ള അപേക്ഷയിൽ കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയും അനുമതി നൽകിയില്ല. ഡെൽറ്റ റോക്‌സ് പ്രൊഡക്ടിന്റെ അപേക്ഷയാണ് സമിതി തിരിച്ചയച്ചത്. ഫെബ്രുവരി 22-ന് സമരസമിതി ചെയർമാൻ വി.വി. ജിനീഷ് നൽകിയ തടസ്സഹർജി പരിഗണിച്ചാണ് തീരുമാനം.

ചെങ്ങോട്ടുമല ഖനനം ചെയ്യാനുള്ള നീക്കത്തിൽ നാലുവർഷത്തോളമായി പ്രദേശവാസികൾ സമരരംഗത്താണ്. നാട്ടുകാർക്കും സമരസമിതി പ്രവർത്തകർക്കും ആശ്വാസംപകരുന്നതാണ് കേന്ദ്രസമിതി തീരുമാനം.


സമരസമിതി നൽകിയ തടസ്സഹർജി കേന്ദ്ര പാരിസ്ഥികാഘാത വിലയിരുത്തൽ സമിതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് വാസുദേവൻ മുഖേന ഹൈക്കോടതിയിൽ റിട്ടും സമരസമിതി നൽകിയിരുന്നു. കളക്ടർ നിയോഗിച്ച വിദഗ്ധസംഘവും സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയും ചെങ്ങോട്ടുമല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് തടസ്സഹർജി ഫയൽചെയ്തത്.

ഇതും അനുമതി നൽകാതെ തിരിച്ചയക്കുന്നതിൽ നിർണായകമായി. ഖനനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് കേന്ദ്രസമിതിക്ക് കോട്ടൂർ ഗ്രാമപ്പഞ്ചായത്തും കത്തയച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് 10,000 ഇ-മെയിലുകളും അയച്ചിരുന്നു.


2021 നവംബർ രണ്ടിനാണ് പാരിസ്ഥിതികാനുമതിക്കുവേണ്ടി കമ്പനി കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ കമ്മിറ്റി മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ സമർപ്പിച്ച ജില്ലാ സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടതായതിനാൽ നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ നടന്ന കേന്ദ്രസമിതിയോഗത്തിൽ അപേക്ഷ തീരുമാനമെടുക്കാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി.

തുടർന്ന് ക്വാറിക്കാർ കോഴിക്കോട് മൈനിങ്‌ ആൻഡ്‌ ജിയോളജിയിൽനിന്ന് പുതിയ ജില്ലാ സർവേ റിപ്പോർട്ട് വാങ്ങിനൽകുകയായിരുന്നു. പാരിസ്ഥിതികാനുമതി അപേക്ഷ ഒരുമാസത്തിനുളളിൽ തീർപ്പുകല്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവും ക്വാറി കമ്പനിക്ക് ലഭിച്ചിരുന്നു. ഇതുൾപ്പടെ സമർപ്പിച്ച് 2022 ഫെബ്രുവരി 15-ന് വീണ്ടും അപേക്ഷ നൽകുകയായിരുന്നു.

ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന് സംസ്ഥാന വിദഗ്ധ വിലയിരുത്തൽസമിതി (സിയാക്) സംസ്ഥാന പാരിസ്ഥിതികാഘാത നിർണയസമിതിക്ക് (സിയ)ശുപാർശയും നേരത്തേ നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച ഏഴംഗ സബ്കമ്മിറ്റി അംഗങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഇക്കാര്യമറിയിച്ചത്. പാരിസ്ഥിതിക പ്രാധാന്യമുള്ള ചെങ്ങോട്ടുമലയെ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ശുപാർശയിലുണ്ട്.

Post a Comment

Previous Post Next Post