പേരാമ്പ്ര-ചെമ്പ്ര റോഡ് പുനർനിർമാണ കരാറുകാരനെ നീക്കി



പേരാമ്പ്ര : നിശ്ചിത സമയപരിധികഴിഞ്ഞിട്ടും റോഡ് പുനർനിർമാണപ്രവൃത്തി പൂർത്തീകരിക്കാത്തതിന് കരാറുകാരനെതിരേ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. പ്രവൃത്തിയുടെ ചുമതലയിൽനിന്ന് കരാറുകാരനെ നീക്കി ഉടൻ റീടെൻഡർ ചെയ്യാൻ ഉത്തരവിറങ്ങി. പേരാമ്പ്രമുതൽ പുറ്റംപൊയിൽവരെ 2019-ൽ തുടങ്ങിയ റോഡുപ്രവൃത്തിയാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. 2.2 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ പുനർനിർമിക്കാനായിരുന്നു കരാർ. നാലുകോടി ചെലവ് കണക്കാക്കിയ പ്രവൃത്തി 3.22 കോടി രൂപയ്ക്കാണ് കാസർകോട്‌ സ്വദേശി കരാറെടുത്തിരുന്നത്.




എട്ടുമാസത്തിനകം പൂർത്തീകരിക്കേണ്ട പ്രവൃത്തി എട്ടുമാസംകൂടി നീട്ടിനൽകിയിട്ടും പൂർത്തീകരിക്കാനായിട്ടില്ല. 2019 ഒക്ടോബറിലായിരുന്നു പ്രവൃത്തിയുടെ നിർമാണോദ്ഘാടനം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കാലാവധി നീട്ടിനൽകുകയായിരുന്നു. അഴുക്കുചാൽ നിർമാണം, റോഡുയർത്തൽ, ചിലയിടങ്ങളിൽ റോഡിന്റെ ഉയരം കുറയ്ക്കൽ, കലുങ്ക് നിർമാണം എന്നിവയെല്ലാം പ്രവൃത്തിയുടെ ഭാഗമായി നടക്കുന്നുണ്ട്.

ഏറ്റവും ഒടുവിൽ റോഡിന്റെ തുടക്കത്തിൽ നഗരത്തിലുള്ള ഭാഗത്ത് കട്ടപതിക്കലാണ് നടന്ന പ്രവൃത്തി. ഇതുകഴിഞ്ഞപ്പോൾ പ്രവൃത്തി വീണ്ടും നിലച്ച പശ്ചാത്തലത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ.തന്നെ വിഷയം മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ നാട്ടുകാർ സമരരംഗത്തിറങ്ങുകയുമുണ്ടായി.

മന്ത്രിതന്നെ നേരത്തേ റോഡിന്റെ പണി നേരിട്ടെത്തി പരിശോധിക്കുകയും ചെയ്തിരുന്നതാണ്. തുടർന്ന് മന്ത്രി അടിയന്തരനടപടി സ്വീകരിക്കാൻ പൊതുമരാമത്തുവകുപ്പ് സൂപ്രണ്ടിങ്‌ എൻജിനിയർക്ക് നിർദേശവും നൽകി. തുടർന്നാണ് കരാറുകാരനെ നീക്കാൻ നടപടിയുണ്ടായത്. റോഡുപണി പകുതിയിലായതോടെ റോഡിന്റെ ഉയരം കുറയ്ക്കാനായി മണ്ണെടുത്ത് മാറ്റിയ സ്ഥലങ്ങളിൽ പൊടിയിൽ കുളിച്ചാണ് യാത്രക്കാർ സഞ്ചരിക്കേണ്ടിവരുന്നത്. റോഡിന്റെ സമീപത്തുള്ള വീട്ടുകാരും കച്ചവടസ്ഥാപനങ്ങളും പൊടിശല്യം കാരണം ദുരിതമനുഭവിക്കുകയാണ്.

Post a Comment

Previous Post Next Post