ഡാമിൽ ആരംഭിച്ച സോളാർ ബോട്ട് സർവീസ്
പേരാമ്പ്ര: പ്രകൃതിയുടെ ദൃശ്യവിരുന്ന് ആസ്വദിച്ച് പെരുവണ്ണാമൂഴിഡാമിലൂടെ ഇനി സോളാർ ബോട്ടിൽ കറങ്ങാം .
വിനോദ സഞ്ചാരികളെ വരവേൽക്കാൻ പത്ത് സീറ്റും ഇരുപത് സീറ്റും ഉള്ള രണ്ട് സോളാർ ബോട്ടുകളാണ് യാത്രക്കായി തയ്യാറായിട്ടുള്ളത്. 14 കിലോമീറ്റർ ദൂരമുള്ള റിസർവോയറിലൂടെ ചക്കിട്ടപാറ സർവീസ് കോ–-ഓപ്പറേറ്റീവ് ബാങ്കാണ് സോളാർ ബോട്ട് ഇറക്കിയത്. കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ടൂറിസം മേഖലയിൽ സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്നത്.
മലബാറിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ പെരുവണ്ണാമൂഴി റിസർവോയറിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്.അരമണിക്കൂറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാം. ഒരാൾക്ക് 150 രൂപയാണ് ഫീസ്. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.
പെരുവണ്ണാമൂഴിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഉതകുന്നതാകും ബോട്ട് യാത്ര. സർവീസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു,തുടങ്ങിയവർ പങ്കെടുത്തു.