ചെലവ് 800 കോടി; കോഴിക്കോട് ഉയരുന്നു, കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സുഖാരോഗ്യ കേന്ദ്രം


കോഴിക്കോട്:ചെലവ് 800 കോടി രൂപ, 30 ഏക്കറിൽ ഓർഗാനിക് ഫാമും 130 മുറികളുമടക്കമുള്ള സൗകര്യങ്ങൾ, 400 പേർക്ക് ജോലി... പറഞ്ഞുതുടങ്ങിയാൽ പ്രത്യേകതകൾ ഏറെയുണ്ട് ദുബൈ ആസ്ഥാനമായ കെ.ഇ.എഫ് ഹോൾഡിങ്സിന്റെ പുതിയ പദ്ധതിക്ക്. കോഴിക്കോട് നഗരത്തിന് തൊട്ടടുത്ത് ചേലേമ്പ്രയിൽ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സുഖാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണമാണ് കെ.ഇ.എഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തിന്റെ ആരോഗ്യ പരിരക്ഷ മേഖലയിൽ മാത്രമല്ല, ടൂറിസം മേഖലയിലും നേട്ടങ്ങൾ സമ്മാനിക്കുമെന്ന് പറയുന്നു കെ.ഇ.എഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ. 'കേരളം ഇതുവരെ ശീലിച്ചുപോന്ന സുഖാരോഗ്യ സങ്കൽപത്തിൽ നിന്നും ഏറെ വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാണ് ഞങ്ങൾ ഒരുക്കുന്നത്. ആരോഗ്യ പരിരക്ഷ രീതികൾ സംയോജിതമായും സമഗ്രമായും നടപ്പാക്കുകയാണ് ചെയ്യുന്നത്. ആയുർവേദം പോലുള്ള ചികിത്സരീതികൾ മാത്രം പിന്തുടരുന്ന ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. ആയുർവേദം, ടിബറ്റൻ സുഖചികിത്സ, പ്രകൃതി ചികിത്സ തുടങ്ങിയവയുടെയൊക്കെ സംയോജിത രീതിയാണ് ഇവിടെ നൽകുന്നത്. മൈത്ര ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും അത്യാധുനിക ചികിത്സരീതികളുടെയും സേവനവും ലഭ്യമാക്കും' -ഫൈസൽ പറയുന്നു.



പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിക്കും. 2023 മാർച്ചിൽ പൂർണതോതിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. 'ഇവിടെയെത്തുന്നവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും സമഗ്ര സുഖാരോഗ്യം ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. അവരുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കും. കോവിഡും പ്രളയവുമൊക്കെ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ, പ്രത്യേകിച്ച് മലബാർ മേഖലയുടെ ടൂറിസം വികസനത്തെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. പ്രതിദിനം 100 വിദേശ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്' -ഫൈസൽ പറയുന്നു.

കാർബൺ പുറന്തള്ളലില്ല, പ്രതിവർഷം നാലുകോടി ലിറ്റർ വെള്ളം

പൂർണമായും സുസ്ഥിര ഊർജം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി ആവശ്യങ്ങൾക്കായി സൗരോർജമാണ് ഉപയോഗിക്കുന്നത്. കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ഇ.പി.എസ് പാനലുകൾ ആണ്. ഒരുകോടി ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ളസംഭരണികളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം നാലുകോടി ലിറ്റർ വെള്ളമാണ് സംഭരിക്കാൻ കഴിയുക. ഒരുകോടി ലിറ്റർ വെള്ളം എല്ലായ്പ്പോഴും സൂക്ഷിക്കുകയും ബാക്കി ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും ഓർഗാനിക് ഫാമിലെ ജലസേചനത്തിനും ഉപയോഗിക്കുകയും ചെയ്യും. പ്രദേശത്തെ നീരുറവകളും അത് ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവും കണ്ടെത്തി സന്തുലിതമായി നിലനിര്‍ത്തുന്ന അക്വിഫെര്‍ സംവിധാനത്തിലൂടെയാണ് ജലസംഭരണം ആസൂത്രണം ചെയ്തിരിക്കുന്നത്. വൻതോതിൽ ജലം സംഭരിക്കാൻ കഴിയുന്നത് ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കുമെന്നതിനാൽ സമീപ പ്രദേശത്തെ ജലക്ഷാമത്തിനും ഇത് പരിഹാരമാകും.

'പദ്ധതിയുടെ ഭാഗമായ ഓർഗാനിക് ഫാം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടുത്തെ ഉൽപന്നങ്ങൾ കോഴിക്കോട്ടെ വിപണിയിലേക്കാണ് നൽകുന്നത്. റിസോർട്ട് പ്രവർത്തനമാരംഭിക്കുന്നതോടെ ഈ ജൈവ ഉൽപന്നങ്ങൾ ഇവിടുത്തെ ആവശ്യങ്ങൾക്ക് മാത്രമായിട്ടാണ് എടുക്കുക' -ഫൈസൽ പറയുന്നു.



'ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സമഗ്ര പരിരക്ഷയാണ് സുഖാരോഗ്യത്തിലൂടെ സമ്മാനിക്കുന്നത്. പ്രവൃത്തി, ചിന്തകൾ, വികാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം നമ്മുടെ ജീവിതത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരവും മനസ്സും ആരോഗ്യപ്രദമായിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്' -കെ.ഇ.എഫ് ഹോൾഡിങ്സ് വൈസ് ചെയർപേഴ്സൺ ഷബാന ഫൈസൽ വ്യക്തമാക്കി.




ആരോഗ്യ പരിചരണമടക്കമുള്ള മേഖലകളിൽ 400 തൊഴിലവസരങ്ങളും പദ്ധതി തുറന്നിടുന്നു. 'ആരോഗ്യ പരിരക്ഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പരിഷ്കരണങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ പ്രവർത്തനങ്ങൾ. കോഴിക്കോട് നടക്കാവ് സ്കൂൾ അടക്കമുള്ള സർക്കാർ സ്കൂളുകളുടെ വികസനവും മലബാർ മേഖലയിൽ അത്യാധുനിക ചികിത്സ സൗകര്യങ്ങൾ നടപ്പാക്കലുമെല്ലാം ഞങ്ങൾ ഏറ്റെടുത്തത് ഇതിന്റെ ഭാഗമായിട്ടാണ്. ഈ ലക്ഷ്യത്തിലേക്കുള്ള പുതിയ സംരംഭമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്' -ഫൈസൽ കൊട്ടിക്കോളൻ പറയുന്നു.

Post a Comment

Previous Post Next Post