അറപ്പുഴപ്പാലം: ടെസ്റ്റ് പൈലിങ് പുരോഗമിക്കുന്നു


Image:KPH Pulikkal

രാമനാട്ടുകര : കോഴിക്കോട് ദേശീയപാത ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ചാലിയാറിൽ അറപ്പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ ടെസ്റ്റ്‌ പൈലിങ് പുരോഗമിക്കുന്നു. നിലവിലെ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത്‌ പുഴയുടെ മറുകരയിലാണ് പൈലിങ് ആരംഭിച്ചത്. പാലത്തിന്റെ തൂൺനിർമാണത്തിനുള്ള സ്ഥലത്തെ പാറയുടെ ഉറപ്പ്, മണ്ണിന്റെ ഘടന എന്നിവ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതിനുശേഷമാണ് തൂൺ നിർമിക്കാൻ പൈലിങ് നടത്തുക.

ആറുവരിപ്പാതയായി റോഡ് നിർമിക്കുമ്പോൾ അറപ്പുഴയിൽ ഇപ്പോൾ നിലവിലുള്ള പാലത്തിന്റെ ഇരുവശത്തും 14.5 മീറ്റർ വീതിയിൽ രണ്ടുപാലങ്ങളാണ് നിർമിക്കേണ്ടിവരുക. ഇപ്പോഴുള്ള പാലമടക്കം 41 മീറ്റർ വീതിയായിരിക്കും മൂന്നുപാലത്തിനുംകൂടി ഉണ്ടാവുക.





ആറുവരിപ്പാതയ്ക്കും 41 മീറ്റർ വീതിയാണുള്ളത്. 45 മീറ്ററിലാണ് റോഡിനുവേണ്ടി സ്ഥലമേറ്റെടുത്തത്. റോഡിന്റെ രണ്ടുവശങ്ങളിലും രണ്ടുമീറ്റർ വീതിയിൽ വൈദ്യുതി, ടെലിഫോൺ കേബിൾ സ്ഥാപിക്കാൻ സ്ഥലമുണ്ടാകും. മൂന്നുപാലവും പൂർത്തിയാകുന്നതോടെ സർവീസ് റോഡ് അടക്കം എട്ടുവരിപ്പാതയാകും ഉണ്ടാവുക. പുഴയിലെ വെള്ളത്തിന്റെ ഒഴുക്കുതടസ്സപ്പെടാതിരിക്കാൻ പഴയപാലത്തിന്റെ തൂണിന്റെ നേർരേഖയിൽത്തന്നെയാകും പുതിയ പാലത്തിന്റെ തൂണുകളും നിർമിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ ടെസ്റ്റ്‌ പൈലിങ് പൂർത്തിയാക്കി പുതിയ തൂണിന്‌ പൈലിങ് നടത്താനാണ് ശ്രമിക്കുന്നത്.

Post a Comment

Previous Post Next Post