പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയ മൊഫ്യൂസൽ ബസ് സ്റ്റാൻഡ്‌ നവീകരണം



കോഴിക്കോട്: മൊഫ്യൂസൽ ബസ് സ്റ്റാൻഡ്‌ ആധുനിക രീതിയിൽ നവീകരിക്കുമെന്ന കോർപ്പറേഷന്റെ പ്രഖ്യാപനം പാഴ്‌വാക്കായി. ബഡ്ജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷമായിട്ടും പുതിയ ബസ്‌സ്റ്റാൻഡ് ഇപ്പോഴും പഴയസ്ഥിതിയിൽ തന്നെ. മൂന്ന് പതിറ്റാണ്ട് മുമ്പാണ് മാവൂർ റോഡിന് സമീപം മൊഫ്യൂസൽ ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നത് . കാലപ്പഴക്കം ബാധിച്ചതോടെ ബസ് സ്റ്റാൻഡും കെട്ടിടങ്ങളും അപകടാവസ്ഥയിലായി. ബസ്‌സ്റ്റാൻഡ് നവീകരിക്കണമെന്ന ആവശ്യം പല കോണിൽ നിന്ന് ഉയർന്നപ്പോഴാണ് കോർപ്പറേഷൻ ബഡ്ജറ്റിൽ ഇടംപിടിക്കുന്നത്. 


എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം ഫയലിൽ കിടക്കുകയാണ്. ആധുനിക രീതിയിൽ നവീകരിക്കുമെന്ന പ്രഖ്യാപനം അടുത്ത സാമ്പത്തിക വർഷത്തിലെങ്കിലും നടപ്പാകുമോ എന്ന കാത്തിരിപ്പിലാണ് യാത്രക്കാരും കച്ചവടക്കാരും.


ബസ്‌സ്റ്റാൻഡ് നവീകരണത്തിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പക്ഷേ, കാര്യമായ പുരോഗതി ഉണ്ടായില്ല. കൊവിഡ് പ്രതിസന്ധിയാണ് നവീകരണം തടസപ്പെടാൻ കാരണമായി പറയുന്നത്. കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ ജനജീവിതം സാധാരണ നിലയിലായി. കച്ചവട സ്ഥാപനങ്ങളെല്ലാം സജീവമായി. ബസുകൾ പൂർണമായും സർവീസ് ആരംഭിച്ചതോടെ ബസ് സ്റ്റാൻഡിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 




ബസ് സ്റ്റാൻഡിനെ ആധുനിക രീതിയിൽ നവീകരിച്ച് സംസ്ഥാനത്തെ മികച്ച ബസ് ടെർമിനലാക്കി മാറ്റുമെന്ന പ്രഖ്യാപനമുള്ളതിനാൽ സാധാരണ നവീകരണ പ്രവർത്തനങ്ങളും മുടങ്ങി കിടപ്പാണ്. ആകെ വൃത്തികേടായ അവസ്ഥയിലാണ് ബസ് സ്റ്റാൻഡും പരിസരവും. മൂത്രപ്പുരയിലേക്ക് മൂക്കുപൊത്താതെ കയറാനാവില്ല. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ കച്ചവടക്കാരും പ്രയാസത്തിലാണ്. 1993ലാണ് മൊഫ്യൂസൽ ബസ്‌സ്റ്റാൻഡ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്.

Post a Comment

Previous Post Next Post