മലപ്പുറം: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മന്ത്രി വി.അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ ഇന്ന് മലപ്പുറം കലക്ട്രേറ്റിൽ അടിയന്തരയോഗം ചേർന്നു. ജനപ്രതിനിധികളും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കരിപ്പൂരിലെ റൺവേ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.അബ്ദുറഹിമാൻ യോഗത്തിൽ പറഞ്ഞു. റൺവേ വികസനത്തിന് 18 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഈ ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും.
കരിപ്പൂരിൽ റൺവേ വികസിപ്പിച്ചില്ലെങ്കിൽ വിമാനത്താവളത്തിൻ്റെ പുരോഗതി ഇല്ലാതാവും നഷ്ടപരിഹാരം നൽകി മാത്രമേ ഭൂമി ഏറ്റെടുക്കൂ. കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കുകയെന്നത് സർക്കാർ നയമാണ്. ജനങ്ങൾ സഹകരിച്ചാൽ വേഗം സ്ഥലം ഏറ്റെടുക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുത്തത് പോലെ മികച്ച നഷ്ടപരിഹാര പാക്കേജ് സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിൻ്റെ വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുത്ത് തരണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. വിഷയത്തിൽ നേരിട്ട ഇടപെട്ട മുഖ്യമന്ത്രി മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനോട് സ്ഥലമേറ്റെടുക്കലിന് മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെട്ടു. റൺവേയുടെ നീളം കൂട്ടാതെ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ നിലപാട്. വലിയ വിമാനങ്ങൾ വരാത്ത പക്ഷം കരിപ്പൂരിൻ്റെ നിലനിൽപ്പ് തന്നെ അപ്രസക്തമാകും.