എയിംസ് പ്രതീക്ഷയിൽ വീണ്ടും കിനാലൂർ


ബാലുശ്ശേരി: കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സ്ഥാപിക്കുന്നതിന് തത്ത്വത്തിൽ അംഗീകാരം നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടതോടെ കിനാലൂരിനു വീണ്ടും പ്രതീക്ഷയായി.
കഴിഞ്ഞ കേന്ദ്രബജറ്റിൽ പദ്ധതി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സംസ്ഥാനസർക്കാർ മുഖ്യപരിഗണന നൽകുന്ന സ്ഥലമെന്ന നിലയിൽ ഇവിടെ സർവേ ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുപോയിരുന്നു. ലോകോത്തരനിലവാരമുള്ള ആശുപത്രിയും പഠന, ഗവേഷണകേന്ദ്രവുമായ എയിംസ് വരുന്നതോടെ സംസ്ഥാനത്തിന്റെ ചികിത്സാഹബ്ബായി കിനാലൂർ മാറും.


എയിംസ് തുടങ്ങാനാവശ്യമായ 200 ഏക്കർ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാനസൗകര്യങ്ങളും കിനാലൂരിൽ ലഭ്യമാക്കാനാവുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യവകുപ്പിനു നൽകിയ കത്തിൽ ഉറപ്പുനൽകിയിട്ടുള്ളത്. ഇവിടെ വ്യവസായ വകുപ്പിനുകീഴിലുള്ള സ്ഥലത്തിനുപുറമേ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വ്യവസായവളർച്ച കേന്ദ്രത്തിന്റെ 150 ഏക്കർ ഭൂമിയാണ് റവന്യൂവകുപ്പ് അളന്നുതിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ സമീപത്തായി 80 ഏക്കർ സ്വകാര്യഭൂമികൂടി അക്വയർ ചെയ്യാൻ കഴിയുമെന്നാണ് സർവേയിൽ കണ്ടെത്തിയത്. ഭൂമി ഏറ്റെടുക്കുന്നതിന് കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും സംസ്ഥാനസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കുറഞ്ഞ ചെലവിലൊരുക്കാൻ അനുയോജ്യമായ സ്ഥലമാണിത്. കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമാണ് കിനാലൂരിലേക്കുള്ളത്. കെ.എസ്.ഇ.ബി.യുടെ സബ്സ്റ്റേഷനും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പും സമീപത്തായുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കോഴിക്കോട്, കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകളിൽനിന്നും വളരെക്കുറഞ്ഞ ദൂരമെന്ന അനുകൂലഘടകവുമുണ്ട്.


വിവിധതലത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇവിടെ സന്ദർശിച്ച് ഇക്കാര്യങ്ങളൊക്കെ ഉറപ്പുവരുത്തിയ ശേഷമാണ് സംസ്ഥാനസർക്കാർ സ്ഥലം ശുപാർശചെയ്തത്. ഈ സാഹചര്യത്തിൽ കേന്ദ്രസംഘം പരിശോധനയ്ക്കെത്തുമ്പോൾ തൃപ്തികരമെന്ന വിലയിരുത്തലിലെത്തുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

രാജ്യത്തെ മുൻനിര ആശുപത്രി സംവിധാനമായ എയിംസ് വരുന്നതോടെ ആരോഗ്യമേഖലയിലെ മലബാറിന്റെ പിന്നാക്കാവസ്ഥയ്ക്ക് ഉത്തരമാകും. ഏറ്റവും മികച്ച ചികിത്സ പൂർണമായും സൗജന്യമെന്നത് സാധാരണക്കാരനെ സംബന്ധിച്ച് അനുഗ്രഹമാണ്. കിടത്തിച്ചികിത്സയ്ക്കൊപ്പം എല്ലാ ഡിപ്പാർട്ട്മെന്റിലും റഫറൽ ഒ.പി. സൗകര്യവുമുണ്ടാകും. രാജ്യത്തെത്തന്നെ മികച്ച ഡോക്ടർമാരുടെയും ഫാക്കൽറ്റികളുടെയും സേവനമാണ് ലഭ്യമാവുക.

നിർണായക ലബോറട്ടറി പരിശോധനകൾ വേണ്ടിവരുമ്പോൾ മറ്റുസംസ്ഥാനങ്ങളിലെ സംവിധാനങ്ങളെയാണ് ഇപ്പോൾ കേരളം ആശ്രയിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള ലാബുകളും പരിശോധനാ സൗകര്യങ്ങളും എയിംസ് വരുന്നതോടെ സാധ്യമാവും. മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിൽ ആയിരങ്ങൾക്ക് നേരിട്ടും പരോക്ഷമായും ജോലിലഭിക്കുന്നതിനൊപ്പം ജില്ലയുടെതന്നെ വികസനക്കുതിപ്പിനും പദ്ധതി വഴിയൊരുക്കും. സംസ്ഥാനത്തിന്റെ പ്രധാന ചികിത്സാകേന്ദ്രമെന്ന നിലയിൽ കിനാലൂരിനെയും പരിസരപ്രദേശങ്ങളെയും വലിയ വികസനങ്ങളാണ് കാത്തിരിക്കുന്നത്. അടിസ്ഥാനമേഖലയിലെ വളർച്ചയ്ക്കൊപ്പം ഹോട്ടൽ-റെസ്റ്റോറന്റ്, വാഹനം, കച്ചവടം തുടങ്ങിയ തൊഴിൽമേഖലയിലും വലിയ മുന്നേറ്റമുണ്ടാവും.

Post a Comment

Previous Post Next Post