കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റും - മന്ത്രി പി.എ മുഹമ്മദ് റിയാസ്


കോഴിക്കോട്: ജില്ലയെ അടിമുടി മാറ്റി ന്യൂ കോഴിക്കോടാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മ​ദ് റിയാസ്. ആ മാറ്റത്തിനായി യോജിക്കുന്ന എല്ലാവരെയും യോജിപ്പിച്ച് നിർത്തും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായി 'നാളെയുടെ കോഴിക്കോട്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 കനോലി കനാൽ വികസനം സാധ്യമാവുന്നതോടെ യൂറോപ്യൻ മാതൃകയിലുള്ള ന​ഗരമാക്കി ജില്ലയെ മാറ്റും. ഇതിനായി 1118 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക. ന​ഗരത്തിൽ കോർപറേഷൻ ഉൾപ്പടെ വിഭാവനം ചെയ്ത പാർക്കിം​ഗ് പ്ലാസ അടക്കമുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവും. മലയോര, ഇടനാട്, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകളും സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. 


ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയാൽ മലബാറിലും കേരളത്തിലാകെയും അതിന്റെ കുതിപ്പുണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാനും ഫണ്ട് നീക്കിവെക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രാമനാട്ടുകര മുതൽ വിമാനത്താവളം വരെയുള്ള റോഡ് വീതി കൂട്ടി നവീകരിക്കും. 2025 ഓട് കൂടി കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

സിറ്റി ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ ഭാ​ഗമായി ജില്ലയിൽ നിരവധി റോഡുകളും പാലങ്ങളും പുതുതായി വന്നു. ഈ രീതിയിൽ ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്. വാഹനപ്പെരുപ്പവും ജനസാന്ദ്രതയും വർദ്ധിക്കുന്ന സാഹചര്യത്തിൽ കെ-റെയിൽ പോലുള്ള ബദൽമാർ​ഗങ്ങൾ കാലത്തിന് അനുസൃതമായി സർക്കാർ കൊണ്ടുവരികയാണ്. 


എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ അടിമുടി മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർവ്വ മേഖലകളിലും കാലത്തിന് അനുസൃതമായ നല്ല മാറ്റങ്ങൾ കൊണ്ടുവരും. തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ കോഴിക്കോട് കോർപറേഷനുമായി ചർച്ച ചെയ്ത് കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വലിയപങ്കാളിത്തമാണ് ഉൽപന്ന പ്രദർശന വിപണന മേളയിലും ആഘോഷ പരിപാടികളിലും അനുഭവപ്പെടുന്നതെന്നും പരിപാടിയുടെ സംഘാടനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. 

കാനത്തിൽ ജമീല എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ടൂറിസം മേഖലയിൽ ഇനിയും വികസനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിന്റെ സാധ്യതകളെല്ലാം തെളിഞ്ഞുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.


ടൂറിസവുമായി ബന്ധപ്പെട്ട അനന്തസാധ്യതകളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി ജില്ലയെ വിനോദ മേഖലയിലെ മർമ്മ പ്രധാനമായ ഇടമാക്കാൻ കഴിയുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. മലയോര മേഖലയിലെ വികസനം ജില്ലയ്ക്ക് വലിയ സംഭാവന നൽകും. കാർഷിക മേഖലയിൽ പുതുതലമുറയ്ക്ക് കയറിവരാൻ കഴിയും വിധത്തിൽ പുതിയ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. പുതുതലമുറയുടെ ആശയത്തിന് അനുസരിച്ച് വികസനകാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

125 വർഷം പഴക്കമുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനവും കോഴിക്കോട് നോർത്ത് റെയിൽവേ സ്റ്റേഷൻ എന്ന ആശയവും ചർച്ച ചെയേണ്ടതാണെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്‌ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനമാണെന്നും ഇതിന്റെ വലിയൊരു സാധ്യത കോഴിക്കോട് മെഡിക്കൽ കോളേജിനുണ്ട്. ഫൈൻ ആർട്സ് കോളേജ്, ഒരു സാംസ്കാരിക സമുച്ചയം, കോഴിക്കോട് മൊബൈലിറ്റി ഹബ്, സർക്കാർ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര ഇവന്റുകൾ നടത്താൻ സാധിക്കുന്ന ഒരു കൺവെൻഷൻ സെന്റർ എന്നിവ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post