കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിനുപിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണായകമായ കണ്ടെത്തലുകൾ.
ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ടെലികോം കമ്പനിയുടെ സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ ഡിസംബർ 12നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതിയുടെ മരണത്തിന്റെ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമായിരുന്നില്ല. തുടർന്നാണ് ബിജിഷ 35 പവൻ സ്വർണം പണയം വച്ചതായി കണ്ടെത്തിയത്.
ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. എന്നാൽ ഇത് എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ വീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
കോവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിൽ സജീവമായതെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യം ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്.
പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാൽ ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടു.
വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.
ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ സജീവമായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിനു ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.
Tags:
Obituary