സ്വിഫ്റ്റ് ബസ് പിന്നിലേക്ക് നീങ്ങി ലോ ഫ്‌ലോര്‍ ബസില്‍ ഇടിച്ചു; സംഭവം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍


കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ലോ ഫ്ളോർ ബസിൽ തട്ടിയ സ്വിഫ്റ്റ് ബസ്

കോഴിക്കോട്: ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം മുതല്‍ സ്വിഫ്റ്റ് എസി സെമി സ്ലീപ്പർ ബസുകളെ വിടാതെ പിന്തുടരുന്ന അപകടങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് ബസ് പിന്നോട്ടേക്ക് നീങ്ങി മറ്റൊരു കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസില്‍ തട്ടിയാണ് പുതിയ അപകടം.
ശനിയാഴ്ച രാത്രി 8.10- ഓടെയാണ് സംഭവം. പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനമടിച്ച് തിരുവനന്തപുരം-കോഴിക്കോട് ലോ ഫ്‌ളോര്‍ ബസ് ട്രാക്കിലേക്ക് വരുന്നതിനിടെ ട്രാക്കില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിട്ട കോഴിക്കോട്-ബാംഗ്ലൂര്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് പിറകോട്ട് നീങ്ങി തട്ടുകയായിരുന്നു. ലോ ഫ്‌ലോര്‍ ബസിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ഡ്രൈവര്‍ ഹാന്റ്‌ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 12ന് ആയിരുന്നു സ്വിഫ്റ്റ് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആദ്യദിനത്തിലെ യാത്രയില്‍ത്തന്നെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രതിരിച്ച ബസ്, കല്ലമ്പലത്തുവെച്ചും കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ വെച്ചും ചെറിയ തോതില്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പലയിടങ്ങളില്‍വെച്ചും സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.


15-വര്‍ഷത്തോളം ദീര്‍ഘദൂരബസുകളോടിച്ച് പരിചയമുള്ള എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയാണ് കരാറുകാരെ എടുത്തതെന്നും ഡ്രൈവർമാരുടെ പരിചയമില്ലായ്മയാണ് അപകടത്തിന് വഴിതെളിയിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പറയുന്നു.

Post a Comment

Previous Post Next Post