വടകര : സ്കൂൾകുട്ടികളെ ഉൾപ്പെടെ ലക്ഷ്യമിട്ട് സിന്തറ്റിക് മയക്കുമരുന്നു വിൽപ്പന വടകരയിലും സജീവം. വടകര സർക്കിൾ പരിധിയിൽ എക്സൈസ് വകുപ്പ് മൂന്നരമാസംകൊണ്ട് 11 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2011-ൽ ആകെ രജിസ്റ്റർ ചെയ്തത് 13 മയക്കുമരുന്നുകേസുകൾ ആയിരുന്നെങ്കിൽ ഈ വർഷം വെറും മൂന്നരമാസം കൊണ്ടാണ് 11 കേസുകളായത്. ഇതിൽ 10 കഞ്ചാവ് കേസുകളും ഒരു എം.ഡി.എം.എ. കേസും ഉൾപ്പെടും. എക്സൈസിന് പുറമേ പോലീസിന്റെ നർക്കോട്ടിക് സെൽ ജില്ലാ റൂറൽപരിധിയിൽ 250-ലേറെ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് അല്പം കുറഞ്ഞിരുന്ന മയക്കുമരുന്ന് വിൽപ്പന വീണ്ടും സജീവമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വടകര മേഖലയിൽ എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് ബെംഗളൂരു കേന്ദ്രീകരിച്ചാണെന്നാണ് നിഗമനം. എം.ഡി.എം.എ. പിടികൂടിയ ഒന്നിലേറെ സംഭവങ്ങളിൽ ബെംഗളൂരു ബന്ധം വ്യക്തമായിരുന്നു. ഏറ്റവുമൊടുവിൽ അഞ്ചുഗ്രാം എം.ഡി.എം.എ. പിടികൂടിയ സംഭവത്തിലും ഒരാൾക്ക് ബെംഗളൂരു ബന്ധമുണ്ട്. ബെംഗളൂരുവിന് പുറമേ ഗോവയിൽനിന്ന് എം.ഡി.എം.എ. എത്തുന്നുണ്ട്. ബെംഗളൂരുവിൽ എളുപ്പത്തിൽ എം.ഡി.എം.എ. കിട്ടാനുള്ള വഴികളുണ്ട്. ഇതിലൊന്നാണ് എം.ഡി.എം.എ. പാർട്ടികൾ. ഈ പാർട്ടികളിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് ഒട്ടേറെപ്പേർ പോകാറുണ്ട്. വാട്‌സാപ്പുകളും മറ്റും വഴിയാണ് പാർട്ടി നടക്കുന്ന വിവരം അറിയിക്കുന്നത്. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നവർ എം.ഡി.എം.എ. നാട്ടിലേക്ക് കടത്തും. ഇത് വലിയ വിലക്ക് വിറ്റാണ് അടുത്ത യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്.
വടകരയിൽ നിന്ന് മുമ്പ് എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായത് പാർട്ടിയിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ്. ഒരിക്കൽ ഇത് ഉപയോഗിച്ചവർ വീണ്ടും എം.ഡി.എം.എ. വാങ്ങുന്നതിനുള്ള പണം കണ്ടെത്താനായി വിൽപ്പനക്കാരായി മാറുന്ന പ്രവണതയുമുണ്ടെന്നും പോലീസ് പറയുന്നു. 7.15 ഗ്രാം എം.ഡി.എം.എ.യും മൂന്നുവാഹനങ്ങളും 1.70 കിലോഗ്രാം കഞ്ചാവുമാണ് വടകര സർക്കിൾ പരിധിയിൽനിന്ന് എക്സൈസ് പിടിച്ചെടുത്തിരിക്കുന്നത്. എഴാംക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന വിദ്യാർഥികൾവരെ ലഹരിക്ക് അടിമയാവുന്ന സംഭവങ്ങളുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേപോലെ സിന്തറ്റിക് ഡ്രഗിന്റെ കെണിയിൽ അകപ്പെടുന്നതും പതിവാണ്. ചെറിയ അളവിൽ മതിയെന്നതും മണം ഉൾപ്പെടെ ഇല്ലാത്തതും സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം തടയുന്നതിന് എക്സൈസിനും പോലീസിനും വിനയാവുന്നുണ്ട്. എങ്കിലും ശക്തമായ പരിശോധയാണ് വടകര പരിധിയിൽ നടക്കുന്നത്.