വടകര റവന്യൂ ടവർ ശിലാസ്ഥാപനം നാളെ


വടകര : വടകര റവന്യൂടവറിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും പട്ടയവിതരണവും വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വടകര മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.

റവന്യൂമന്ത്രി കെ. രാജൻ ശിലാസ്ഥാപനവും പട്ടയവിതരണവും നിർവഹിക്കും. കെ.കെ. രമ എം.എൽ.എ. അധ്യക്ഷതവഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.പി. മാരായ കെ. മുരളീധരൻ, എളമരം കരിം, ബിനോയ് വിശ്വം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
ജില്ലയിലെ എല്ലാ എം.എൽ.എ.മാരും ചടങ്ങിൽ പങ്കെടുക്കും. രാവിലെ ആർ.ഡി.ഒ. ഓഫീസ് പരിസരത്തുനിന്ന് ഘോഷയാത്രയായി വിശിഷ്ടാതിഥികളെ താലൂക്ക് ഓഫീസ് പരിസരത്തേക്ക് ആനയിക്കും.

അനുവദിച്ചത് 20 കോടി, ആദ്യം 11 ഓഫീസുകൾ


13 കോടി രൂപയുടെ ഭരണാനുമതിയാണ് ആദ്യം കിട്ടിയതെങ്കിലും ആദ്യഗഡുവായി കിഫ്ബി അനുവദിച്ചത് 20 കോടി രൂപയാണ്. ഏഴുനിലയാണ് ലക്ഷ്യമിട്ടതെങ്കിലും ആദ്യഘട്ടത്തിൽ നാലുനില കെട്ടിടമാണ് നിർമിക്കുക. 11 സർക്കാർ ഓഫീസുകൾ തുടക്കത്തിൽ ഇവിടെ പ്രവർത്തനം തുടങ്ങും. താലൂക്ക് ഓഫീസ്, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ഭക്ഷ്യസുരക്ഷാ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്. ഒന്നാംനിലയിൽ സബ് ട്രഷറിയും രജിസ്ട്രാർ ഓഫീസുമുണ്ടാകും. ഒരുവർഷംകൊണ്ട് പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.കെ. രമ എം.എൽ.എ. പറഞ്ഞു. സംസ്ഥാന ഭവനനിർമാണബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. പെട്ടെന്നുതന്നെ ടെൻഡർ നടപടികളിലേക്ക് കടക്കും.

പത്രസമ്മേളനത്തിൽ കെ.കെ. രമ എം.എൽ.എ.ക്ക്‌ പുറമേ, ആർ.ഡി.ഒ. സി. ബിജു, തഹസിൽദാർ പ്രസീൽ കുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ആർ.കെ. സുരേഷ് ബാബു, പ്രസാദ് വിലങ്ങിൽ, ടി.എൻ.കെ. ശശീന്ദ്രൻ, എ.പി. ഷാജിത്ത്, ഹൗസിങ് ബോർഡ് എൻജിനിയർ മനോഹരൻ വാകയാട് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post