മുക്കം സി.എച്ച്.സി.യുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു

മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമഗ്രവികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാനിലെ ആശുപത്രിയുടെ രൂപരേഖ

മുക്കം : മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന മാസ്റ്റർപ്ലാൻ തയ്യാറായി. എൻ.ഐ.ടി.യിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ ഡോ. ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാസ്റ്റർപ്ലാൻ രൂപകല്പന ചെയ്തത്. കോവിഡ്‌ വ്യാപനം രൂക്ഷമായ സമയത്ത് അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന മുക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, മുക്കം സി.എച്ച്.സി.യുടെ പുതിയ കെട്ടിടത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ എൻ.ഐ.ടി.യെ ചുമതലപ്പെടുത്തുകയായിരുന്നു.

ഒ.പി., ഓപ്പറേഷൻ തിയേറ്ററുകൾ, തീവ്രപരിചരണ കിടക്കകൾ, ലേബർ റൂം കോംപ്ലക്സ്, ഗൈനക്കോളജി വാർഡ്, നിയോനാറ്റൽ കെയർ വാർഡുകൾ, ലബോറട്ടറി, എക്സ്റേ, യു.എസ്.ജി., സി.ടി. സ്കാൻ തുടങ്ങിയ ചികിത്സാസൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. പ്രാരംഭത്തിൽ നൂറുപേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഇത്‌ ഇരുന്നൂറുവരെയായി വർധിപ്പിക്കാനാകും.


വൃക്കരോഗികൾക്കു ഡയാലിസിസിനുള്ള ആധുനിക സൗകര്യങ്ങളും അടിയന്തര ഓപ്പറേഷൻ തിയേറ്ററും സർവസജ്ജമായ അടിയന്തര ചികിത്സാസൗകര്യങ്ങളും ഉണ്ടാകും. രോഗികൾക്ക് കാത്തിരിക്കാനുള്ള വിപുലമായ ഇരിപ്പിടസൗകര്യവും വിശാലമായ പാർക്കിങ് സൗകര്യവും ഉണ്ടാകും. പണി പൂർത്തിയാകുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ സൗരോർജ പ്ലാന്റും സജ്ജമാക്കുമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

അരനൂറ്റാണ്ടുമുമ്പാണ് മുക്കത്ത് സർക്കാർ ആശുപത്രി സ്ഥാപിച്ചത്. പ്രൈമറി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രി പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുകയായിരുന്നു.


കാരശ്ശേരി, കൊടിയത്തൂർ, മുക്കം നഗരസഭ എന്നിവിടങ്ങളിലെ ഒട്ടേറെരോഗികളാണ് ദിവസേന ഇവിടെ ചികിത്സതേടിയെത്തുന്നത്. എന്നാൽ, മികച്ച ചികിത്സാസൗകര്യങ്ങൾ ഇല്ലാത്തത് വലിയ തിരിച്ചടിയായിരുന്നു. ജീവനക്കാരുടെ കുറവുകാരണം എക്സ്‌റേ-ലാബ് യൂണിറ്റുകൾ അടച്ചുപൂട്ടിയതോടെ പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ.
എൻ.ഐ.ടി.യിൽ നടന്ന ചടങ്ങിൽ മാസ്റ്റർപ്ലാൻ മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബുവിന് കൈമാറി. നഗരസഭാ കൗൺസിലിൽ മാസ്റ്റർപ്ലാൻ അംഗീകരിച്ചതിനുശേഷം എം.എൽ.എ. മുഖാന്തരം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ലിൻറോ ജോസഫ് എം.എൽ.എ., എൻ.ഐ.ടി. ഡയറക്ടർ പ്രസാദ് കൃഷ്ണ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൽ മജീദ്, മെഡിക്കൽ ഓഫീസർ ഡോ. എം. മോഹനൻ, ഡോ. നൗഷാദ്, പ്രൊഫ. മധുസൂദനൻ പിള്ള തുടങ്ങിയവർ സംബന്ധിച്ചു.


ചെലവ് 16 കോടി രൂപ

മാസ്റ്റർപ്ലാൻ പ്രകാരമുള്ള കെട്ടിടം നിർമിക്കാൻ 16 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.എച്ച്.സി.യുടെ ഉടമസ്ഥതയിലുള്ള 1.08 ഏക്കർ സ്ഥലത്താണ് പുതിയകെട്ടിടം നിർമിക്കുക. ഈ ഭൂമിയിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള പഴയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ആശുപത്രിവികസനത്തിന് പത്തുകോടിരൂപ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുകയുടെ വികസനം ഘട്ടംഘട്ടമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Post a Comment

Previous Post Next Post