മാവൂർ: നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എളമരം കടവ് പാലം ഇന്ന് ജനകീയ ഉദ്ഘാടനം നടത്തി തുറന്നുകൊടുത്ത് ബിജെപി ജില്ലാ കമ്മിറ്റി.
കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിയാൻ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു.
കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലത്തിന്റെ നിർമാണോദ്ഘാടനം അന്നു മന്ത്രി കെ.ടി.ജലീലാണ് നടത്തിയത്. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കി. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സജീവൻ പറഞ്ഞു.
ബിജെപി നടത്തിയ പ്രകടനം
നാളെ പാലം ഉദ്ഘാടനം ചെയ്യാൻ മന്ത്രിയെ സ്വീകരിച്ച് ആനയിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്നും സജീവൻ പറഞ്ഞു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്.
അതേസമയം, ഒരു പദ്ധതി ജനകീയമായി ഉദ്ഘാടനം ചെയ്യുന്നത് നല്ല കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം ജനകീയ പരിപാടികൾ നടത്തിയാൽ കുഴപ്പമില്ല. വികസന പരിപാടികൾ നടത്തുമ്പോൾ എവറോളിങ് ട്രോഫിക്കുള്ള മത്സരമല്ല നാടിന് ഗുണം ഉണ്ടാവുക എന്ന് മാത്രമേ സർക്കാർ ചിന്തിക്കുന്നുള്ളൂ. സിസിആർഎഫ് ഫണ്ട് വേണമെങ്കിൽ കേന്ദ്ര ഫണ്ടാണെന്ന് പറയാം. വിവിധ സ്ഥലങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന ഫണ്ടാണ് അതെന്നും മന്ത്രി പറഞ്ഞു.