കോഴിക്കോട് : മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. രണ്ടുഹെക്ടർഭൂമി മാത്രമേ ഇനി ഏറ്റെടുക്കാൻ ബാക്കിയുള്ളൂ. ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം 240 പേരുടെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 344.5 കോടിരൂപയിൽ മുഴുവൻ തുകയും ലഭിച്ചുകഴിഞ്ഞു. 240 പേരുടെ അവാർഡ് പാസാക്കി കഴിഞ്ഞാൽ ഉടൻ നഷ്ടപരിഹാരം വിതരണംചെയ്യും. കിഴക്കെ നടക്കാവിലാണ് സ്ഥലമെടുപ്പ് തടസ്സപ്പെട്ടത്. ഇതോടൊപ്പം നെഗോഷ്യബിൾ പർച്ചേഴ്‌സ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത് വാങ്ങുന്ന പത്തുപേരുടെ ഭൂമിയും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
കുടിയൊഴിപ്പിക്കപ്പെടുന്ന വ്യപാരികളുടെ പുനരധിവാസ പാക്കേജ് അനുമതിക്കായി ലാൻഡ് റവന്യൂ കമ്മിഷണർക്ക് സമർപ്പിച്ചിട്ടുണ്ട്. നേരത്തേ വ്യാപാരികളുടെ ഹിയറിങ് നടത്തിയിരുന്നു. ലാൻഡ് റവന്യൂ കമ്മിഷണറുടെ അനുമതി ലഭിച്ചുകഴിഞ്ഞാലുടൻ തുടർനടപടികളിലേക്ക് നീങ്ങും.
Read also: ഓമശ്ശേരിയിൽ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്: രണ്ട് ഹോട്ടലുകൾ അടപ്പിച്ചു; 3 സ്ഥാപനങ്ങൾക്ക് നോട്ടീസ്
മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്നുവരെ 8.24 കിലോമീറ്ററിൽ 24 മീറ്റർ വീതിയിലാണ് റോഡ് വീതികൂട്ടുന്നത്. പണം ലഭ്യമാവാത്തതായിരുന്നു റോഡുവികസനം ഇതുവരെ വൈകാൻ കാരണം. ധനമന്ത്രിതന്നെ ഉറപ്പുനൽകിയിട്ടും പണംലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയാൽ ടെൻഡറിലേക്ക് നീങ്ങും. ഈ റോഡിന്റെ വീതികൂട്ടൽ ആരംഭിക്കാൻ നഗരറോഡ് വികസനപദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങുന്നവരെ കാത്തിരിക്കേണ്ടിവരില്ലെന്ന് സിറ്റിറോഡ് ഇംപ്രൂവ്‌മെന്റ് അധികൃതർ പറഞ്ഞു.