ഫറോക്ക്: ചാലിയാറിനു കുറുകെ ബ്രിട്ടിഷുകാർ നിർമിച്ച ഫറോക്കിലെ ഇരുമ്പ് പാലം (പഴയപാലം) പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. പൊതുമരാമത്ത് ബ്രിജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണി. കണ്ടെയ്നർ ലോറികൾ ഇടിച്ചു പൊട്ടിയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകൾ വെൽഡിങ് നടത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ പുതിയ ഡിസൈൻ പ്രകാരം പാലത്തിൽ ചായംപൂശി അലങ്കാര വിളക്കുകൾ സ്ഥാപിക്കും.
Read also: താമരശേരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചു; പരാതിയില്ലെന്ന് യുവാവ്
ഇരുവശത്തും ആകർഷകമായ കവാടം ഉൾപ്പെടെ 90 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയ ചരക്കു വാഹനങ്ങൾ പഴയ പാലത്തിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ സുരക്ഷാ കമാനം കരുത്തുറ്റതും ആകർഷകവുമാക്കാനും പദ്ധതിയുണ്ട്.ഇരുകരയിലും കമാനത്തിന് സമീപം പൂട്ടുകട്ട പാകി നടപ്പാത സൗകര്യം ഒരുക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ കരയിൽ നിന്നും ജല യാത്രയിലും ഇരുമ്പു പാലം വിസ്മയക്കാഴ്ചയാകും. 3 മാസം കൊണ്ടു പ്രവൃത്തി പൂർത്തീകരിക്കാനാണ് കരാർ.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം സന്ദർശിച്ചു. പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നടപ്പാതയിലെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമാക്കാനും മന്ത്രി നിർദേശം നൽകി. പാലത്തിൽ മാലിന്യം തള്ളുന്നതു തടയാൻ പൊലീസുമായി കൂടിയാലോചിച്ചു സിസിടിവി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.സമീഷ്, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ പ്രതിനിധി ടി.രാധാഗോപി, ബ്രിജസ് വിഭാഗം അസി.എൻജിനീയർ വി.അമൽജിത്ത്, ഓവർസീയർ എം.കെ.ഷിജിനി, കെ.ഷഫീഖ് എന്നിവർ ഒപ്പമുണ്ടായിരുന്നു.