ഫ്രഷ്‌ കട്ട്‌: പ്രശ്ന പരിഹാരം തേടി നാല്‌ പഞ്ചായത്ത്‌ ഭരണസമിതികൾ ജില്ലാ കളക്ടർക്ക്‌ പരാതി നൽകി


കോടഞ്ചേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്‌ പ്രവർത്തിക്കുന്ന ഫ്രഷ്‌ കട്ട്‌ ചിക്കൻ വേസ്റ്റ്‌ റെന്ററിംഗ്‌ പ്ലാന്റിൽ നിന്നുണ്ടാകുന്ന ദുർഗന്ധവും മലിനീകരണവും കാരണം പ്രദേശവാസികൾ വലിയ ദുരിതത്തിലാണെന്നും അടിയന്തിരമായി ഇടപെട്ട്‌ പ്രശ്നപരിഹാരം കാണണമെന്നുമാവശ്യപ്പെട്ട്‌‌ നാല്‌ പഞ്ചായത്ത്‌ ഭരണസമിതികളുടെ നേതൃത്വത്തിൽ കോഴിക്കോട്‌ ജില്ലാ കളക്ടർക്ക്‌ പരാതി നൽകി.
കഴിഞ്ഞ ദിവസം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ അലക്സ്‌ തോമസ്‌ (കോടഞ്ചേരി), മുഹമ്മദ്‌ മോയത്ത്‌ (കട്ടിപ്പാറ), ജെ.ടി.അബ്ദുൽ റഹ്മാൻ (താമരശ്ശേരി), പി.അബ്ദുൽ നാസർ (ഓമശ്ശേരി) എന്നീ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലെ തീരുമാന പ്രകാരമാണ്‌ ജില്ലാ കളക്ടർക്ക്‌ നിവേദനം നൽകിയത്‌.

ഈ സ്ഥാപനത്തോട്‌ ചേർന്നുള്ള നാലു പഞ്ചായത്തിലേയും പ്രദേശവാസികൾ വലിയ പ്രയാസത്തിലാണ്‌‌. പ്ലാന്റിലെ മുഴുവൻ സംവിധാനങ്ങളും കൃത്യമായ ഇടവേടകളിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതിന്‌ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും ചിക്കൻ സ്റ്റാളുകളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതും വാഹനത്തിൽ കയറ്റി അയക്കുന്നതും നിർദ്ദേശിക്കപ്പെട്ട പ്രകാരമാണെന്ന് ഉറപ്പ്‌ വരുത്തുന്നതിന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം ശക്തമാവുമെന്നും ജില്ലയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ താറുമാറുകുമെന്നും പരാതിയിൽ പറയുന്നു. അനുവദിക്കപ്പെട്ട അളവിൽ കൂടുതൽ മാലിന്യം ശേഖരിച്ച്‌ പ്രോസസ്‌ ചെയ്യുന്നത്‌ നിയന്ത്രിക്കണമെന്നും കളക്ടർക്ക്‌ നൽകിയ പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തും മറ്റു ഏജൻസികളും അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചു മാത്രമേ സ്ഥാപനം പ്രവർത്തിപ്പിക്കാവൂ.

താമരശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജെ.ടി.അബ്ദുൽ റഹ്മാൻ, കട്ടിപ്പാറ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ മോയത്ത്‌, കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അലക്സ്‌ തോമസ്‌, ഓമശ്ശേരി പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി എന്നിവർ ചേർന്നാണ്‌ ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡിക്ക്‌ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട്‌ നിവേദനം സമർപ്പിച്ചത്‌‌.

Post a Comment

Previous Post Next Post