കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിനു വഴിയിൽക്കുരുക്ക്. ഇതുമൂലം മലബാർ മേഖലയിലെ യാത്രക്കാർക്കു രാത്രി ദുരിതയാത്ര. ആലപ്പുഴയിൽ നിന്നു എറണാകുളത്തെത്തി വൈകിട്ട് 4.30 നു അവിടെനിന്നു കണ്ണൂരിലേക്കു പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊർണൂരിൽ 6.25 നു എത്തും. കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിൻ ഷൊർണൂരിൽ എത്തിയ ശേഷം മാത്രമാണ് എക്സിക്യൂട്ടീവ് 7.15 നു കോഴിക്കോട് ഭാഗത്തേക്കു യാത്ര പുറപ്പെടുന്നത്.
Read also: ലിതാരയുടെ മരണം: കോച്ച് ഒളിവിലെന്ന് പൊലീസ്; ബിഹാറിൽ നിന്നുള്ള സംഘം കോഴിക്കോടെത്തി മൊഴിയെടുത്തു
എന്നാൽ കോവിഡ് നിയന്ത്രണം നീങ്ങിയപ്പോൾ എക്സിക്യൂട്ടീവ് എറണാകുളത്തുനിന്നു പുറപ്പെടുന്നതു 4.30 നു പകരം 35 മിനിറ്റ് നേരത്തെയാക്കി, 3.55 ന് പുറപ്പെടും. കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിൻ സർവീസ് തൽക്കാലം നിർത്തി. എന്നാൽ എക്സിക്യൂട്ടീവ് എക്സ്പ്രസ് സർവീസ് നിർത്തിയ കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിനിനു വേണ്ടി ഷൊർണൂരിൽ ഇപ്പോഴും 45 മിനിറ്റ് പിടിച്ചിടുകയാണ്.
മാത്രവുമല്ല, എറണാകുളത്തുനിന്നും നേരത്തെ പുറപ്പെട്ടാലും തൃശൂർ എത്തുന്നതിനു മുൻപ് 40 മിനിറ്റോളം ന്യൂഡൽഹി, പട്ന എക്സ്പ്രസുകൾക്കായി വഴിയിൽ പിടിച്ചിടും. ഈ സാഹചര്യത്തിൽ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കു ട്രെയിൻ നേരത്തെ പുറപ്പെട്ടാലും ഒരു മണിക്കൂർ 15 മിനിറ്റ് അനാവശ്യമായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നാണു പരാതി.
കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിൻ നിലവിൽ സർവീസ് നടത്താത്ത സാഹചര്യത്തിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ഷൊർണൂരിൽ പിടിച്ചിടേണ്ടതില്ല. മാത്രമല്ല 3.55 നു എറണാകുളത്തുനിന്ന് എക്സിക്യൂട്ടീവ് പുറപ്പെടുന്നതിനാൽ എറണാകുളം, ആലുവ, കളമശ്ശേരി, ചാലക്കുടി മേഖലയിൽ നിന്നു വാരാന്ത്യത്തിൽ മലബാറിലേക്ക് എത്താൻ ആശ്രയിച്ചിരുന്ന സർക്കാർ ജീവനക്കാർക്കും മറ്റു ജീവനക്കാർക്കും ഈ ട്രെയിൻ ഉപകാരപ്പെടാത്ത അവസ്ഥയായി. സമയക്രമം മാറ്റി യാത്രക്കാരുടെ ദുരിതയാത്രയ്ക്കു പരിഹാരം ഉണ്ടാക്കണമെന്നു മലബാർ റെയിൽ യൂസേഴ്സ് ഫോറം സെക്രട്ടറി മുനീർ കുറുമ്പടി ആവശ്യപ്പെട്ടു