കോഴിക്കോട്:ഗവ. മെഡിക്കൽ കോളജിൽ രോഗികൾ കൂടുമ്പോൾ ഡോക്ടർമാർ കുറയുന്നു. ഓർത്തോ വിഭാഗം, ജനറൽ സർജറി, സ്ത്രീരോഗ വിഭാഗം, മെഡിസിൻ, ഫൊറൻസിക് വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ കുറവു പ്രതിസന്ധിയാകുന്നത്. 2 മാസത്തിനിടെ പ്രിൻസിപ്പൽ ഉൾപ്പെടെ 18 ഡോക്ടർമാർ വിരമിച്ചെങ്കിലും പകരം നിയമനങ്ങൾ വൈകുന്നു. അതിനു പുറമേയാണ് മറ്റു ഡോക്ടർമാരെ കോന്നി, വയനാട്, ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെ സ്ഥലം മാറ്റിയത്. ജോലി ക്രമീകരണ വ്യവസ്ഥയിൽ ഇടയ്ക്കിടെ ഇവിടെ നിന്നു കോന്നി, ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാരെ മാറ്റുന്നത് പതിവാണ്. അതിനു പുറമേ, പകരം നിയമനം പോലും നടത്താതെ ഡോക്ടർമാരെ തലങ്ങും വിലങ്ങും മാറ്റുന്നുമുണ്ട്.
Read also: കോഴിക്കോടിന് മൂന്നു ട്രെയിനുകള് കൂടി; ബംഗളൂരു-കണ്ണൂര് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടും
ദേശീയ മെഡിക്കൽ കൗൺസിലിന്റെ പരിശോധനയ്ക്കു മുന്നോടിയായാണു കോന്നിയിലേക്കും ഇടുക്കിയിലേക്കുമെല്ലാം ഡോക്ടർമാരെ മാറ്റുന്നത്. സമീപ മെഡിക്കൽ കോളജിൽ നിന്നെല്ലാം അവിടേക്ക് ഡോക്ടർമാരെ മാറ്റാമെങ്കിലും അതിനു പകരം ഇവിടെയുള്ള ഡോക്ടർമാരെയാണ് പതിവായി മാറ്റുന്നതെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ദിവസം ശരാശരി 3500– 3700 പേർ ഒപിയിലും 550– 650 പേർ വരെ അത്യാഹിത വിഭാഗത്തിലും ചികിത്സതേടുന്നു. 1600 പേരാണ് കിടത്തിച്ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും ഇവിടെയാണ്. സ്ത്രീരോഗ വിഭാഗത്തിൽ 6 യൂണിറ്റുകളിലായി 2 പ്രഫസർമാർ, 7 അസി. പ്രഫസർമാർ എന്നിവരുടെ ഒഴിവുണ്ട്. 24 പിജി സീറ്റുകളാണ് ഇവിടെയുള്ളത്. മെഡിസിൻ വിഭാഗത്തിൽ ഒരു പ്രഫസർ, 2 അസി. പ്രഫസർ തസ്തികയിൽ ഡോക്ടർമാരില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടരുന്നതിനാൽ വാർഡിൽ സ്ഥലമില്ലാത്ത അവസ്ഥ. വരാന്തയിലാണ് രോഗികളുള്ളത്. മെഡിസിൻ വിഭാഗത്തിൽ 11 വാർഡുകളിലായി 470 പേർ കിടത്തി ചികിത്സയിലുണ്ട്.
ഓർത്തോ വിഭാഗം
ഓർത്തോ വിഭാഗത്തിൽ 5 യൂണിറ്റാണുള്ളത്. 80 കട്ടിലുകളാണുള്ളതെങ്കിലും ഇരുന്നൂറിനു മുകളിൽ രോഗികൾ കിടത്തി ചികിത്സയിലുണ്ട്. ഒപിയിൽ ഒരു ദിവസം 350 മുതൽ 400 വരെ രോഗികൾ ചികിത്സ തേടുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഓർത്തോ വിഭാഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടുന്നത് ഇവിടെയാണ്. തിരുവനന്തപുരത്ത് 24 ഡോക്ടർമാരുടെ തസ്തിക അനുവദിച്ചപ്പോൾ ഇവിടെ അനുവദിച്ച തസ്തിക 15 മാത്രം. ഇതിൽ തന്നെ ഒരു പ്രഫസർ, 2 അസോഷ്യേറ്റ് പ്രഫസർ, 3 അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെ 6 പേരുടെ ഒഴിവുണ്ട്. 250 മെഡിക്കൽ വിദ്യാർഥികൾക്കു പുറമേ 12 പിജി സീറ്റുകളുമുണ്ട്. കുട്ടികളുടെ പഠനവും രോഗികളുടെ ചികിത്സയുമെല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ ഡോക്ടർമാർ ഏറെ പാടുപെടുന്നു.
ജനറൽ സർജറി
ജനറൽ സർജറി വിഭാഗത്തിൽ 10 ഡോക്ടർമാരെ ഇവിടെ നിന്നും സ്ഥലം മാറ്റിയപ്പോൾ തിരികെ വന്നത് ഒരാൾ മാത്രം. 3 അസോഷ്യേറ്റ് പ്രഫസർമാർ ഉൾപ്പെടെ 10 പേരെയാണ് മഞ്ചേരി, പരിയാരം, ഇടുക്കി, കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റിയത്. 10 സീനിയർ റസിഡന്റുമാർ വേണ്ടിടത്ത് 4 പേരാണുള്ളത്. ചെറുതും വലുതുമായി 130 ലേറെ ശസ്ത്രക്രിയ ഒരു ദിവസം ഇവിടെ ചെയ്യുന്നുണ്ട്. 6 യൂണിറ്റുകളാണുള്ളത്.
Tags:
Calicut Medical College