വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ചു; എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു




കോഴിക്കോട്:നടുവട്ടത്ത് വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. അസിസ്റ്റൻ്റ് എൻജീനിയർ ടെനി, സബ് എൻജീനിയർ വിനീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചെയ്ത് തീരാത്ത ജോലിക്ക് കരാറുകാരന് ബിൽ ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ.
കഴിഞ്ഞ 23നാണ് ബേപ്പൂർ സ്വദേശി അർജുൻ ഇലക്ട്രിക് പോസ്റ്റ് തലയിൽ വീണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകവെ നടുവട്ടത്തു വച്ച് പോസ്റ്റ് തലയിലേക്ക് വീഴുകയായിരുന്നു. കെഎസ്ഇബിയുടെ കരാർ ജീവനക്കാർ പഴയ പോസ്റ്റ് ചുവടെ മുറിച്ച് തിരക്കേറിയ റോഡിലേക്ക് ഇടുകയായിരുന്നു. കരാറുകാരൻ സ്വന്തം നിലയ്ക്ക് ചെയ്ത ജോലിയാണെന്നും കെഎസ്ഇബിയിൽ അറിയിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മാസങ്ങൾക്ക് മുൻപ് തന്നെ ജോലി പൂർത്തിയാക്കിയതായി കാണിച്ച് കരാറുകാരൻ ബില്ല് കൈമാറിയതിൻ്റെ രേഖകൾ ലഭിച്ചത്. ഈ ബില്ലിൽ ഒപ്പിട്ട് നൽകിയ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. പഴയ പോസ്റ്റ് മാറ്റാതെ പുതിയ പോസ്റ്റ് സ്ഥാപിച്ച്‌ കരാറുകാരൻ പോവുകയായിരുന്നു. പരാതികൾ ഉയർന്നതോടെയാണ് ഉദ്യോഗസ്ഥരെ അറിയിക്കാതെ കരാറുകാരൻ എത്തി പോസ്റ്റ് മാറ്റാൻ ശ്രമം നടത്തുകയും അപകടം ഉണ്ടാവുകയും ചെയ്തത്‌. കാരറുകാരൻ ആലിക്കോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post