തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെയും മൂവായിരം കടന്ന് കൊവിഡ് കേസുകൾ. ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ജില്ലയിൽ പ്രതിദിന കൊവിഡ് 1000 കടന്നു. 1072 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി.
കേരളത്തിൽ ജൂൺ 16 മുതൽ 6 ദിവസങ്ങളിൽ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 16, 17, 20, 21, 23, 24 എന്നീ തീയതികളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
Tags:
Covid 19