കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് സുഹൃത്തുക്കളുടെ മൊഴി എടുത്തു. മൈസൂരിലേക്ക് വിളിച്ചു വരുത്തിയാണ് ജംഷീദിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തത്.
ജംഷീദിനൊപ്പം യാത്രയിൽ ഉണ്ടായിരുന്ന ഫെബിൻ, റിയാസ്, മൂവരുടെയും സുഹൃത്ത് അഫ്സൽ എന്നിവരുടെ മൊഴിയാണ് കര്‍ണാടക പൊലീസ് ശേഖരിച്ചത്. സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് എത്തിച്ചാണ് കർണാടക പോലിസ് വിവരങ്ങൾ തേടിയത്. ഇവർ വാഹനം നിർത്തിയിട്ട മദ്ഡൂറിലെത്തിച്ചാണ് വിവരം ശേഖരിച്ചത്. മദ്ഡൂറിന് സമീപമുള്ള റെയിൽവെ ട്രാക്കിലാണ് ജംഷീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചു. കേരള പൊലീസും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Read also: വയനാട് ഹോംസ്റ്റേയിലെ കൂട്ടബലാത്സംഗം: കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെ നാലുപേർ കൂടി പൊലീസ് പിടിയിലായി
കഴിഞ്ഞ മാസം പതിനൊന്നാം തീയതിയാണ് ജംഷാദിനെ കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ജംഷീദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ട്രെയിൻ തട്ടിയാണ് ജംഷീദ് മരിച്ചതന്ന കൂട്ടുകാരുടെ വിശദീകരണം ശരിയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ ജംഷീദ് ആത്മഹത്യ ചെയ്തതാണെന്നാണ് അപകടസമയത്ത് ജംഷീദിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് ഫെബിൻ പറഞ്ഞത്.
സുഹൃത്തുക്കൾക്കൊപ്പം കര്‍ണാടകയിലേക്ക് വിനോദയാത്ര പോയതായിരുന്നു ജംഷീദ്. പിന്നീട് വീട്ടുകാര്‍ക്ക് ലഭിച്ചത് ജംഷീദിന്‍റെ മരണവാര്‍ത്തയാണ്. ജംഷീദിന്റെ മൊബൈൽ കാണാതായതിൽ ദുരൂഹതയുണ്ടെന്നാണ് പിതാവ് മുഹമ്മദ് പറയുന്നത്.. അതേസമയം ജംഷീദിന്‍റെ മരണത്തിൽ കുടുംബം ഉന്നയിക്കുന്ന ആരോപണം ശരിയല്ലെന്നും കർണാടകത്തിൽ വച്ച് രണ്ടു തവണ ജംഷീദ് ആത്മഹത്യാപ്രവണത കാണിച്ചുവെന്നും ഒപ്പം യാത്ര ചെയ്ത സുഹൃത്ത് ഫെബിൻ പറയുന്നു. ആത്മഹത്യയിലെ ദുരൂഹത പുറത്തുവരണമെന്നും ഫെബിൻ പറഞ്ഞു.
ബെംഗളൂരുവിൽ വച്ച് ജംഷീദ് മറ്റൊരു സുഹൃത്തിനെ കാണാൻ പോയതായും ഒന്നര ദിവസത്തിന് ശേഷമാണ് വീണ്ടും കൂടെ ചേർന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. ബെംഗളൂരുവിൽ ആരെ കാണാനാണ് ജംഷീദ് പോയതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഫോൺ കോളുകൾ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പരിശോധിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.
തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കിനെ തുടര്‍ന്നാണ് ജംഷീദ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശക്തമായ ആഘാതത്തെ തുടര്‍ന്നുണ്ടായ പരിക്കുകൾ ജംഷീദിന്‍റെ ശരീരത്തിലുണ്ട്. ശരീരത്തിൽ ഗ്രീസിന്‍റെ അംശവും കണ്ടെത്തിയിട്ടുണ്ട്.
Tags:
Kerala Police