കോഴിക്കോട്: ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട്
മെഡിക്കൽ കോളേജിലെ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി. ഒന്നാം വർഷ
എംബിബിഎസ് വിദ്യാർത്ഥിയുടെ പരാതിയിലാണ് മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് ആറു
മാസത്തെ സസ്പെൻഷൻ നൽകിയത്.
മൂന്ന് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയുടെ
പരാതി. പരാതി കിട്ടിയ കോളേജ് അധികൃതർ ഒരു പ്രൊഫസറുടെ നേതൃത്ത്വത്തിൽ മൂന്നംഗ
കമ്മീഷനെ അന്വേഷണം നടത്താൻ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണ് വൈസ് പ്രിൻസിപ്പൾ അധ്യക്ഷനായ സമിതി ശിക്ഷാനടപടി പ്രഖ്യാപിച്ചത്.
റാഗ് ചെയ്ത മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികളെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
ഇവർക്ക് ആറു മാസത്തേക്ക് അക്കാദമിക് പരീക്ഷകൾ എഴുതാനാവില്ല. ഹോസ്റ്റലിൽ നിന്നും
ഇവരെ ആറു മാസത്തേക്ക് വിലക്കി. അഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പൊലീസിന്
കൈമാറും.
തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ വച്ച് റാഗിംഗ് നടന്നുവെന്നാണ് ഒന്നാം വർഷ
വിദ്യാർത്ഥിയുടെ പരാതി. ക്ലിനിക്കൽ റെക്കോർഡ് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ
വിസമ്മതിച്ചതിന് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി.
Tags:
Calicut Medical College