കോഴിക്കോട്:ആഗോള ഉപഭോക്തൃത ഉത്പന്ന കമ്പനികൾ അടക്കിവാഴുന്ന ബിസ്കറ്റ് വിപണിയിലേക്ക് ചുവടുവെയ്ക്കാൻ ഒരു കേരള ബ്രാൻഡ് വരുന്നു. കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുൾ അസീസ് ചോവഞ്ചേരിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്ന് ബിസ്കറ്റ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ദക്ഷിണേന്ത്യൻ ബിസ്കറ്റ് വിപണിയിൽ വലിയ സ്വാധീനം സൃഷ്ടിച്ച്, പിന്നീട് പ്രതിസന്ധിയിൽപ്പെട്ട് വിസ്മൃതിയിലാണ്ട ‘ക്രേസ്’ എന്ന ബ്രാൻഡിനെയാണ് വലിയ വിലകൊടുത്ത് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇത് വീണ്ടും വിപണിയിലെത്തിക്കാൻ 150 കോടി രൂപയാണ് അബ്ദുൾ അസീസിന്റെ ‘ആസ്കോ ഗ്ലോബൽ’ മുതൽ മുടക്കുക.
കോഴിക്കോട് കിനാലൂർ വ്യവസായ പാർക്കിൽ ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫാക്ടറിയിൽ നിന്നായിരിക്കും ക്രേസ് ബിസ്കറ്റുകൾ ഉത്പാദിപ്പിക്കുക. ലോകോത്തര നിലവാരത്തിലുള്ള മെഷീനറികളും ഫുഡ് ടെക്‌നോളജിയുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് ‘ആസ്കോ’ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൾ അസീസ് ‘’ പറഞ്ഞു.
അഞ്ഞൂറിലധികം പേർക്ക് നേരിട്ടും ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിലവസരമൊരുക്കുന്നതായിരിക്കും ഈ സംരംഭം. ലോകോത്തര ബിസ്കറ്റുകൾ സൃഷ്ടിച്ചവരും അന്താരാഷ്ട്ര ഫുഡ് ടെക്‌നോളജിസ്റ്റുകളുമായ വിദഗ്ദ്ധർ നേരിട്ടുതയ്യാറാക്കുന്ന രുചിക്കൂട്ടുകളിൽ ക്രേസ് ഉടൻ വിപണിയിലെത്തും. 20 ഇനം ബിസ്കറ്റുകളാണ് തുടക്കത്തിൽ അവതരിപ്പിക്കുക. നാലു മാസത്തിനുള്ളിൽ 40 വകഭേദങ്ങൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഓരോ മൂന്നു മാസം കൂടുമ്പോഴും ഒരു പുതിയ വകഭേദം അവതരിപ്പിക്കുമെന്നും അബ്ദുൾ അസീസ് വ്യക്തമാക്കി. ദക്ഷിണേന്ത്യൻ വിപണിക്ക് പുറമേ, ഗൾഫ് രാജ്യങ്ങളിലേക്കും ആദ്യഘട്ടത്തിൽത്തന്നെ ക്രേസ് ബിസ്കറ്റുകൾ അവതരിപ്പിക്കും.
Tags:
Kozhikoden