കോഴിക്കോട്: വാഹനാപകടം അകാലത്തിൽ ജീവനെടുത്തെങ്കിലും യദുകൃഷ്ണ ഇനിയും നാലു പേരിലൂടെ ജീവിക്കും. ചേമഞ്ചേരി ചക്കിട്ടകണ്ടി മാണിക്യത്തിൽ സുരേഷിന്റെ മകൻ പ്ലസ്ടു വിദ്യാർത്ഥി യദുകൃഷ്ണയാണ്(18) നാലു പേർക്ക് പുതുജീവനനേകി യാത്രപറഞ്ഞത്.
ഇക്കഴിഞ്ഞ എട്ടിന് വെങ്ങളം പാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അച്ഛൻ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷിക എന്നിവരടങ്ങിയ കുടുംബം അവയവദാനത്തിന് സന്നദ്ധരായി.
സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടു. തുടർന്ന് യോഗ്യമായ സ്വീകർത്താക്കളെ കണ്ടെത്തി. അല്ലക്കോട് നിന്നുള്ള 66 വയസ്സുകാരന് കരളും വൃക്കകളിലൊന്ന് കൊണ്ടോട്ടിയിൽ നിന്നുള്ള 40 വയസ്സുകാരനും നൽകി. ഇരുവരുടെയും ശസ്ത്രക്രിയ കോഴിക്കോട്ബേബി മെമ്മോറിയൽ ആശുപത്രിയിൽ പൂർത്തിയാക്കി.
ഡോ. പൗലോസ് ചാലി, ഡോ. പി. ജയമീന, ഡോ. സൈലേഷ് ഐക്കോട്ട്, ഡോ.എം സി രാജേഷ്, ഡോ. ഐ.കെ. ബിജു എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രീയ നടത്തിയത്. ഹൃദയം കോഴിക്കോട് മെട്രോ മെഡ് ഹോസ്പിറ്റലിലേക്കും ഒരു വൃക്കയും കണ്ണുകളും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്കും കൈമാറി.ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. സി. രവീന്ദ്രൻ, ഡോ. മോഹൻ ലെസ്ലി ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റി മസ്തിഷ്കമരണം നടന്നതായി സ്ഥിരീകരിച്ചത്.