കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളേയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ ചില്‍ഡ്രന്‍ ഹോമിലെത്തി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിന് സമീപം വെച്ചാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്.
പോക്സോ കേസില്‍ ഇരകളായ പതിനേഴ് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഇന്ന് രാവിലെ ഏഴരയോടെയാണ് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ അറിയിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെ വസ്ത്രം അലക്കാനായി പെൺകുട്ടികൾ പുറത്ത് ഇറങ്ങിയിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. ഒരു മാസം മുൻപാണ് കുട്ടികൾ ഇവിടെയെത്തിയത്. ഏഴര മണിയോടെയാണ് കുട്ടികളെ കാണാതായെന്ന വിവരം അറിയുന്നത്. എട്ടരയോടെയാണ് ചിൽഡ്രൻസ് ഹോം അധികൃതർ കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിച്ചത്.
ഈ വർഷം ജനുവരി 26 ന് സമാനമായ നിലയിൽ ഇവിടെ നിന്ന് പെൺകുട്ടികൾ പുറത്ത് കടന്നിരുന്നു. ആറ് പെൺകുട്ടികളാണ് അന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്ത് കടന്നത്. ഈ സംഭവം വലിയ വിവാദമായിരുന്നു. അന്വേഷണത്തിനൊടുവിൽ അന്ന് മന്ദിരത്തിൽ നിന്ന് ഇറങ്ങിയ രണ്ട് കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. മന്ദിരത്തിലെ സുരക്ഷ വീഴ്ചയെ തുടർന്ന് സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റിയിരുന്നു.
ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് അന്ന് പുറത്ത് കടന്ന ആറ് പെൺകുട്ടികളും പൊലീസിന് നൽകിയ മൊഴി. കുട്ടികളുടെ എതിർപ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്. ഇവരിൽ ഒരാൾ പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ശിശു ക്ഷേമ സമിതിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാല മന്ദിരത്തിലെ ജീവിത സാഹചര്യം മോശമാണെന്ന് നേരത്തെയും പരാതികളുയർന്നിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ വീണ്ടും കുട്ടികൾ പുറത്ത് കടക്കാൻ കാരണം എന്നാണ് വിവരം.
Tags:
Crime