കോഴിക്കോട് : വർഷങ്ങളായി ഉപയോഗിക്കുന്ന പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായത് പ്ലാനറ്റേറിയത്തിലെ ഡിജിറ്റൽ ഷോയെ ബാധിക്കുന്നു. ഡിജിറ്റൽ ഷോയുടെ ഗുണനിലവാരത്തെ ബാധിച്ചതായി കാഴ്ചക്കാരുടെ പരാതി ഉയർന്നതോടെ ഇപ്പോൾ കുട്ടികളുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രദർശനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.
2015-ലാണ് പ്ലാനറ്റേറിയത്തിലെ ഉപകരണങ്ങൾ മാറ്റിയത്. കാലപ്പഴക്കം അവയെ ബാധിച്ചുതുടങ്ങി. ഇവ നവീകരിക്കാനുള്ള പദ്ധതിനിർദേശം നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ സന്ദർശകരും വരുമാനവുമുള്ള കേന്ദ്രമാണിത്.
Read also: വീണ്ടും തട്ടിക്കൊണ്ടുപോകൽ...?; കോഴിക്കോട് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി
കോവിഡിനുമുമ്പ് പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെപ്പേർവരെ ഇവിടെ സന്ദർശിച്ചിരുന്നു.
ശനി, ഞായർ ദിവസങ്ങളിൽ ഇപ്പോഴും 1500-ലേറെപ്പേരാണ് ഇവിടെ സന്ദർശിക്കുന്നത്. സ്കൂൾ ദിവസങ്ങളിൽ കുട്ടികളാണ് ഏറെ എത്തുന്നത്. ശാസ്ത്രകൗതുകങ്ങൾ ഒളിഞ്ഞുകിടക്കുന്നതാണ് ഇവിടെയുള്ള ഗാലറികളോരോന്നും. ഇവ വിശദീകരിച്ച് നൽകാൻ നേരത്തെ ധാരാളംപേർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും കുറവാണ്.
ത്രീഡി ഷോയുൾപ്പെടെ പുതുക്കിയതിനാൽ സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്. ആറുമാസംമുമ്പാണ് ഇവിടെ പുതിയ സജ്ജീകരണങ്ങൾ ഒരുക്കിയത്. എന്നാൽ പ്ലാനറ്റേറിയത്തിലെ സംവിധാനങ്ങൾ മാറ്റിയിരുന്നില്ല. ഉടൻതന്നെ പ്ലാനറ്റേറിയം നവീകരണത്തിനും ഫണ്ട് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഗ്രാമീണമേഖലയിലേക്ക് ശാസ്ത്രപ്രദർശനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വാഹനത്തിന്റെ പര്യടനവും വൈകാതെ തുടങ്ങും.
ഓണാവധിക്കുശേഷം സ്കൂൾ കേന്ദ്രീകരിച്ച് സെപ്റ്റംബറോടെ പര്യടനം തുടങ്ങാനാണ് ആലോചിക്കുന്നത്.
Tags:
RSC & Planetarium