കോഴിക്കോട് വിമാനത്താവള വികസനം; കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങും



കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനും വിമാനത്താവള വികസനം വേഗത്തിലാക്കാനും ഉപദേശക സമിതി യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, അഗത്തി വിമാന സർവീസുകൾ ഉടൻ ആരംഭിക്കാനാകുമെന്ന് യോഗം വിലയിരുത്തി. വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. അതേസമയം, മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാ നിരക്ക് വർധിക്കാതിരിക്കാൻ നടപടികൾ വേണമെന്നും ഇന്ധന നിരക്കില്‍ കണ്ണൂരിനു ലഭിക്കുന്നതുപോലുള്ള നികുതി ഇളവ് വേണമെന്നും നിർദേശമുയർന്നു.
ലഗേജ് ലഭിക്കാനുള്ള കാത്തിരിപ്പ് ഒഴിവാക്കൽ, പാർക്കിങ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കൽ, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങള്‍ ചർച്ച ചെയ്തു. മെഡിക്കല്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹീല്‍ ഇന്ത്യ പദ്ധതിയില്‍ കോഴിക്കോട് വിമാനത്താവളത്തെ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തു. വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്ന യാത്രക്കാർക്കും മറ്റും വിമാനത്താവളത്തില്‍നിന്നു കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന വിഷയവും ഉന്നയിച്ചു.

ചെയര്‍മാന്‍ എം.പി.അബ്ദുസ്സമദ് സമദാനി എംപി ആധ്യക്ഷ്യം വഹിച്ചു. കോ -ചെയർമാൻ എം.കെ.രാഘവൻ‍ എംപി, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, എ.കെ.എ.നസീർ, ടി.പി.എം.ഹാഷിർ അലി, കെ.വി.അൻവർ, എച്ച്.ഫാറൂക്ക് ബത്ത, എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർ എസ്.സുന്ദർ, അസിസ്റ്റന്റ് ജനറൽ മാനേജർ സി.ശ്രീനിവാസൻ, എഡിഎം മെഹറലി, ഡിവൈഎസ്പി കെ.അഷ്റഫ്, സിഐഎസ്എഫ് കമൻഡാന്റ് എ.വി.കിഷോർകുമാർ, ടി.മുഹമ്മദ് ഹാരിസ്, ഡോ.പുത്തൂർ റഹ്മാൻ, ഡോ.കെ.മൊയ്തു, പി.വി.ഗംഗാധരൻ, പി.ടി.അജയ്മോഹൻ, സി.പി.സൈതലവി എന്നിവർ പ്രസംഗിച്ചു.

കെട്ടിട നിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ എൻഒസി നിബന്ധന പരിസരവാസികളെ പ്രയാസത്തിലാക്കുന്നു. സാധാരണക്കാരുടെ വീടു നിർമാണത്തെ ഏറെ ബാധിച്ച കാര്യം യോഗം ചർച്ച ചെയ്തു. വിമാനത്താവള വികസനം സംബന്ധിച്ചു വിജ്ഞാപനം സർക്കാർ ഇറക്കിയതിനാൽ, സർവേ നമ്പറുകൾ പരിശോധിച്ച് എൻഒസി അനുവദിക്കുന്നതിൽ കൃത്യത വരുത്താനാകുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പലരുടെയും അപേക്ഷകൾ തള്ളിയിട്ടുണ്ട്. അത്തരം അപേക്ഷകൾ വീണ്ടും പരിഗണിച്ച് വിജ്ഞാപന പരിധിയിൽ പെടാത്ത സ്ഥലങ്ങളിലെ നിർമാണങ്ങൾക്ക് ഉടന്‍ എൻഒസി നൽകും.


സ്ഥലം നാലു മാസത്തിനകം

റൺവേയുടെ ഇരുഭാഗങ്ങളിലുമായി 14.5 ഏക്കർ നാലു മാസത്തിനകം ഏറ്റെടുത്തു നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു റവന്യു ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മികച്ച നഷ്ടപരിഹാര പാക്കേജ് നൽകണമെന്നും ഭൂമി വിട്ടുനൽകുന്നവരുടെ നഷ്ടവും പ്രയാസവും മനസ്സിലാക്കിയുള്ള ഇടപെടൽ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തോടു ചേർന്നു പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവ ആരംഭിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താനും തീരുമാനിച്ചു. കരിപ്പൂർ സ്റ്റേഷൻ പ്രവർത്തിക്കുന്നതു കുമ്മിണിപ്പറമ്പിൽ വാടകക്കെട്ടിടത്തിലാണ്. അതു വിമാനത്താവള പരിസരത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെടും.

Post a Comment

Previous Post Next Post