കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് ഗ്രേഡിംഗ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം ഉയർത്തുന്നതിനുവേണ്ടി യു ജി സിയുടെ മുൻകൈയിൽ നടന്ന നാലാമത് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് 3 .45 പോയിന്റുകളോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയത്. സംസ്ഥാനത്ത് നാലാമത്തെ തവണ നാക് പരിശോധനകൾക്ക് വിധേയമാകുന്ന ആദ്യത്തെ യൂണിവേഴ്‌സിറ്റിയാണ് കാലിക്കറ്റ്.
ചെയർപേഴ്‌സൺ പ്രൊഫ. സുധീർ ഗവാനെ ചെയർമാനായ പിയർ തീം അംഗങ്ങൾ കഴിഞ്ഞ ശനിയാഴ്ചയാണ് പരിശോധനകൾ പൂർത്തിയാക്കി മടങ്ങിയത്. പിയർ ടീം സമർപ്പിച്ച റിപ്പോർട്ടിന്റെയും യൂണിവേഴ്സ്റ്റിറ്റി നേരത്തെ സമർപ്പിച്ച സെൽഫ് അസ്സസ്മെന്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തലുകൾ പൂർത്തിയാക്കിയത്. ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സ്റ്റിറ്റി ഡയറ്കടർ പ്രൊഫ. സഞ്ചീവ് ശാന്തകുമാർ കോ ഓർഡിനേറ്റർ ആയ ടീമിൽ പ്രൊഫ. ബി.എം. പ്രവീൺ, പ്രൊഫ. ജഗ്ദീഷ് പ്രസാദ്, പ്രൊഫ. അവിനാഷ് പതാർഡിക്കാർ, പ്രൊഫ. ബി. വില്യം ധർമരാജ എന്നിവരും അംഗങ്ങളായിരുന്നു.
മൾട്ടി ഡിസിപ്ലിനറി കോഴ്സുകളും റിസർച്ച് സെൻ്ററുകളും ആരംഭിക്കുക, സർവകലാശാലയിലെ പുരാവസ്തു രേഖകളും മറ്റു പ്രാദേശിക വൈജ്ഞാനിക ശേഖരങ്ങളും ആഗോള തലത്തിൽ ലഭ്യമാക്കും വിധത്തിൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, അന്തരാഷ്ട്ര സർവകലാശാലകളുമായി ഗവേഷണ കരാറുകൾ ഉണ്ടാക്കുക, കൂടുതൽ വിദേശ വിദ്യാർഥികളെ ആഘർഷിക്കുന്ന വിധത്തിൽ ഇൻ്റർനാഷണൽ റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് ആരംഭിക്കുക, വിദ്യാർഥികൾക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന വിധത്തിൽ പ്ലേസ്മെൻ്റ് സെല്ലുകൾ നവീകരിക്കുക തുടങ്ങിയ നിർദേശങ്ങളും ‘നാക്’ വിദഗ്ധ സംഘം മീറ്റിംഗിൽ മുന്നോട്ടുവെച്ചു. മികച്ച പശ്ചാത്തല- പഠന സൗകര്യങ്ങളുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് ഗവേഷണ മേഖലയിൽ ആണ് ഏറ്റവും കുറവ് മാർക്ക് .
ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് ഉയരാനുള്ള വിഭവ ശേഷി കാലിക്കറ്റ് സർവകലാശാലക്കുണ്ടെന്നും നാക് പിയർ ടീം വിലയിരുത്തി. മികച്ച ഗ്രേഡ് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, പിയർ ടീം ചൂണ്ടിക്കാണിച്ച നിർദേശങ്ങൾ നടപ്പിലാക്കി മികച്ച യൂണിവേഴ്‌സിറ്റിയായി മാറാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുമെന്നും വൈസ് ചാൻസിലർ പ്രൊഫ. എം. കെ. ജയരാജ് പറഞ്ഞു.