കോഴിക്കോട് : കോർപ്പറേഷൻ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാസ്റ്റർപ്ലാനിൽ വരുത്തുന്ന ഭേദഗതികളുടെ കരട് ശനിയാഴ്ച നഗരസഭ പാസാക്കി. രണ്ടുമാസത്തിനുള്ളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്തി അന്തിമരൂപം തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും.
ഓരോ വാർഡിലും ഓരോ മാതൃകാറോഡ് പുതിയ ഭേദഗതിയിൽ വിഭാവനചെയ്യുന്നു. മികച്ച നിലവാരവും കാൽനടക്കാർക്ക് മുറിച്ചുകടക്കാൻ സംവിധാനവും നടപ്പാതയും തെരുവുവിളക്കുകളും ഇരുവശത്തും പൂന്തോട്ടവും മറ്റുമുള്ളതായിരിക്കും മാതൃകാറോഡ്.
നഗരത്തിലെ മൊബിലിറ്റി ഹബ്ബിനായി ബൃഹത്തായ പുതിയ പദ്ധതി രൂപവത്കരിക്കും. കല്ലായി റിവർ ഫ്രണ്ട് വികസനം, ലൈറ്റ് മെട്രോ, കോതിയിൽ അറവുശാല, വലിയങ്ങാടി നവീകരണം എന്നിവ പുതിയ കരട് പ്ലാനിൽ ഉൾപ്പെടുന്നു.
നടക്കാവ് സത്രം കോളനി പുനരധിവാസം, ഹെറിറ്റേജ് വാക്ക് നിർമാണം, ചെറുവണ്ണൂരിൽ വ്യവസായമേഖലാ വികസനം, ബേപ്പൂർ ടൂറിസം വികസനം, ഗോതീശ്വരം-ബേപ്പൂർ തീരദേശ റോഡ് നവീകരണം, കല്ലുത്താൻ കടവ് എലിവേറ്റഡ് റോഡ്, മാളിക്കടവ് റോഡ് നവീകരണം എന്നിവയും മാസ്റ്റർപ്ലാനിലുണ്ട്. നഗരത്തിൽ വാട്ടർ സ്പോർട്‌സ് സൗകര്യം വർധിപ്പിക്കും.
റോഡ് വികസനത്തിൽ തീരദേശമേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് കൗൺസിലർമാർ പരാതിപ്പെട്ടു. റോഡ്, ബസ് സ്റ്റാൻഡ്, മാർക്കറ്റ് നവീകരണം ഉൾപ്പെടെ പാളയം മേഖലയിൽ വൻവികസനം പ്രതീക്ഷിക്കുന്ന പ്ലാൻ 2017-ൽ അംഗീകരിച്ച ബൃഹത്തായ മാസ്റ്റർപ്ലാനിന്റെ അനുബന്ധഭേദഗതിയായാണ് നടപ്പാക്കുന്നത്.
നഗരസഭകൾ തൊഴിൽദാതാക്കളായി മാറണമെന്ന സർക്കാർ നിർദേശപ്രകാരം തൊഴിൽസഭകൾ രൂപവത്കരിക്കാൻ സംഘാടകസമിതിക്ക് രൂപംകൊടുത്തു. മേയർ അധ്യക്ഷയായും കൗൺസിലർമാർ അംഗങ്ങളായുമുള്ള സമിതിയിൽ യുവജനപ്രതിനിധികളും വ്യാപാര, വ്യവസായ മേഖലയിലുള്ളവരും വ്യത്യസ്ത തൊഴിൽമേഖലകളിൽ അനുഭവപരിജ്ഞാനമുള്ളവരും ഉൾപ്പെടുന്നു. കോർപ്പറേഷന്റെ വി-ലിഫ്റ്റ് തൊഴിൽപദ്ധതിയും ഇതോടൊപ്പം തുടരും. തൊഴിൽ തേടുന്നവർക്ക് കോർപ്പറേഷൻ പരിശീലനം നൽകും.
അഞ്ചുവർഷംകൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫെസിലിറ്റേഷൻ ടീമിനെ നിയോഗിക്കും. 23-നും 40 വയസ്സിനും മധ്യേയുള്ള 6162 തൊഴിലന്വേഷകർ ഇതുവരെ പദ്ധതിയിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ നവ്യ ഹരിദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ, എസ്.കെ. അബൂബക്കർ, ഡോ. പി.എൻ. അജിത, സി.എസ്. സത്യഭാമ, കെ. മൊയ്തീൻകോയ, കവിത അരുൺ, എൻ.സി. മോയിൻകുട്ടി, സെക്രട്ടറി കെ.യു. ബിനി, ഡെപ്യൂട്ടി ടൗൺപ്ലാനർ പി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
- ഓരോ വാർഡിലും ഓരോ മാതൃകാറോഡ്
- മൊബിലിറ്റി ഹബ്ബിനായി ബൃഹദ്‌പദ്ധതി
- പാളയം മേഖലയ്ക്ക് വൻവികസനം