മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ്അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര് അശ്വിന് നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.
ഷഹീന് അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്സ് നേടിയിരുന്നു. അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര് അശ്വിന് നേരിട്ട അവസാന പന്ത് വൈഡ്. സ്കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഓവറില്‍ തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില്‍ രാഹുല്‍ ബൗള്‍ഡാവുകയായിരുന്നു. ഏഴ് റണ്‍സായിരുന്നു അപ്പോള്‍ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. സ്കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത്തും മടങ്ങി. ഹാരിസിന്റെ പന്തില്‍ സ്ലിപ്പില്‍ ഇഫ്തിഖറിന് ക്യാച്ച്. വിശ്വസ്ഥനായ സൂര്യക്ക് ഇത്തവണ ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്‍സുമായി മടങ്ങി. ഹാരിസിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീടായിരുന്നു ഹാര്‍ദിക്- കോലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
നേരത്തെ, മെല്‍ബണില്‍ തുടക്കം മുതല്‍ പാകിസ്ഥാന് ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്.
തുടര്‍ന്ന് ഇഫ്തിഖര്‍- മസൂദ് സഖ്യം കൂട്ടിചേര്‍ത്ത 76 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദാബ് ഖാന് (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഷഹീന് അഫ്രീദി (8 പന്തില്‍ 16) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) മസൂദിനൊപ്പം പുറത്താവാതെ നിന്നു.
ഇതിനിടെ മസൂദ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. അര്‍ഷ്ദീപ് നാല് ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാര്‍ദിദ് നാല് ഓവറില്‍ 30 റണ്‍സും ഷമി നാല് ഓവറില്‍ 25 റണ്‍സും മാത്രമാണ് നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് നല്‍കിയത്. എന്നാല്‍ ഒരോവര്‍ മാത്രമെറിഞ്ഞ അക്സര്‍ പട്ടേല്‍ 21 റണ്‍സ് നല്കി. അശ്വിനാവട്ടെ മൂന്ന് ഓവറില്‍ 23 റണ്‍സ് നല്കി.
Tags:
Sports